പ്രകാശ് രാജ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതിയില്ല, മൈക്ക് പിടിച്ചെടുക്കാൻ പൊലീസിന്റെ ശ്രമം

തിരുവനന്തപുരം :ഗ്യാനേഷ് കുമാർ രാജ് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാനവീയം വീഥിയിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കേണ്ട പരിപാടിയിൽ നിന്ന് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ പൊലീസ് ശ്രമം. കോർപ്പറേഷന്റെയും പൊലീസിന്റെയും അനുമതി ഇല്ലെന്ന് പറഞ്ഞായിരുന്നു നടപടി. ബഹളത്തിനൊടുവിൽ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയവരുടെ എതിർപ്പിനെ തുടർന്ന് പൊലീസ് പിൻവാങ്ങി. പരിപാടിക്ക് അനുമതി വാങ്ങിയിരുന്നില്ലെന്നും പരിപാടി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്ത് നൽകിയിരുന്നതായും മേയർ വി.വി.രാജേഷ് പറഞ്ഞു. സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റുഡന്റ്സ് ഫോർ കളക്ടീവാണ് മാനവീയം വീഥിയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യാതിഥിയായി പങ്കെടുത്ത നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിൽ സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് എത്തിയത്. അനുമതിയില്ലാതെ സമരം നടത്താൻ കഴിയില്ലെന്നും മൈക്ക് സെറ്റുകൾ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിൻവാങ്ങുകയായിരുന്നു.
അതേസമയം വ്യാഴാഴ്ച വൈകിട്ട് മാത്രമാണ് പ്രകാശ് രാജ് പങ്കെടുക്കുമെന്ന ഉറപ്പ് കിട്ടിയതെന്നും സമയക്കുറവ് മൂലമാണ് അപേക്ഷ നേരത്തെ നൽകാതിരുന്നതെന്നും സംഘാടകർ വ്യക്തമാക്കി.




