SPORTS
അയാൾ മദ്യപിച്ച് ഹോട്ടലിന്റെ 16–ാം നിലയിൽനിന്ന് എന്നെ താഴേക്ക് തൂക്കി: സൈമണ്ട്സ് അല്ലെന്ന് ഇന്ത്യൻ താരം

മുംബൈ∙ 2013 ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ഓസ്ട്രേലിയൻ താരം മോശമായി പെരുമാറിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സ്പിന്നര് യുസ്വേന്ദ്ര ചെഹൽ. കരിയറിൽ 188 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ചെഹൽ 233 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്തുണ്ട്. കരിയറിന്റെ തുടക്കകാലത്താണ് ചെഹൽ മുംബൈയ്ക്കു വേണ്ടി കളിച്ചത്. 2013ലെ സംഭവം തന്നെ ഉലച്ചുകളഞ്ഞതായി ചെഹൽ വെളിപ്പെടുത്തി. ഓസ്ട്രേലിയൻ താരങ്ങളായ ആൻഡ്രു സൈമണ്ട്സോ, ജെയിംസ് ഫ്രാങ്ക്ളിനോ അല്ല തന്നോടു മോശമായി പെരുമാറിയതെന്ന് ചെഹൽ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയ്ക്കു നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞു.‘‘ഞാൻ ഭയന്നുപോയി. ഈ സംഭവം കണ്ട് അവിടെയുള്ള എല്ലാവരും ഞെട്ടിനിൽക്കുകയാണ്. ഉടനെ ആളുകൾ ഇടപെട്ട് എന്നെ പിടിച്ചുകയറ്റി. അതിനു ശേഷം അയാൾ ചിരിക്കുകയായിരുന്നു. എന്നാൽ എനിക്കത് രണ്ടാം ജന്മം കിട്ടിയ പോലെയായിരുന്നു. ഹോട്ടലിന്റെ 16–ാം നിലയിൽനിന്നാണ് അയാൾ എന്നെ താഴേക്കു തൂക്കിയത്.’’– ചെഹൽ പ്രതികരിച്ചു. ചെറിയ പ്രായമായതിനാൽ സംഭവത്തിൽ പരാതിയൊന്നും നൽകിയില്ലെന്നും അതിനെക്കുറിച്ച് അറിയില്ലെന്നും ചെഹൽ വ്യക്തമാക്കി. ഐപിഎലിൽ ആർസിബിയിലും രാജസ്ഥാൻ റോയല്സിലും കളിച്ചിട്ടുള്ള ചെഹൽ നിലവിൽ പഞ്ചാബ് കിങ്സിന്റെ താരമാണ്.
Auto ⏭️




