ഗുരുദേവ അനുയായിയെന്ന് ഓക്സ്ഫോർഡ് ഡെപ്യൂട്ടി മേയർ

തൃശൂർ: ശ്രീനാരായണ ഗുരുവിനെയും ഗുരു സന്ദേശങ്ങളുമറിഞ്ഞപ്പോൾ ഗുരുദേവന്റെ അനുയായിയായെന്ന് യു.കെയിലെ ഓക്സ്ഫോർഡ് ഡെപ്യൂട്ടി മേയർ ലൂയിസ് ആപ്ടൻ. സേവനം യു.കെ ഓക്സ്ഫോർഡ് യൂണിറ്റിന്റെ പത്താം വാർഷികാഘോഷത്തിൽ പങ്കെടുക്കവേയാണ് വെളിപ്പെടുത്തൽ.
ദൈവദശകത്തിലൂടെയാണ് ഗുരുവിനെ ആദ്യമറിഞ്ഞത്. സ്വയമേ നടത്തിയ അന്വേഷണവും പഠനവും അനുയായിയാക്കി. ഗുരുവിന്റെ ചിത്രം ഉയർത്തിക്കാട്ടി സംസാരിക്കുന്ന ഭാഗം മേയർ ഫേസ്ബുക്കിൽ പങ്കുവച്ചത് ശ്രദ്ധ നേടി. ദേശാന്തരങ്ങൾക്കും ജാതിമതങ്ങൾക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന ഗുരുദേവ സന്ദേശം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിന്റെ സൂചനയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റ്. ശിവഗിരി ആശ്രമം യു.കെയുടെ നേത്യത്വത്തിൽ കഴിഞ്ഞവർഷം ഓക്സ്ഫോർഡ് സർവകലാശാലയിൽ നടത്തിയ ചടങ്ങിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് ദൈവദശകം 100 ഭാഷകളിൽ വിവർത്തനം ചെയ്ത ഗ്രന്ഥം ഓക്സ്ഫോർഡ് ഡെപ്യൂട്ടി മേയർക്ക് സമ്മാനിച്ചത്. ആ ഗ്രന്ഥവുമായാണ് മേയർ വാർഷികാഘോഷത്തിലെത്തിയത്.



