ഫോഴ്സ് ട്രാവലർ ഇലക്ട്രിക് വിപണിയിലേക്ക്; ആദ്യമെത്തുന്നത് ആംബുലൻസ് പതിപ്പ്

ഫോഴ്സ് മോട്ടോഴ്സിന്റെ ജനപ്രിയ ട്രാവലർ ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങൾ 2027-ന്റെ തുടക്കത്തോടെ നിരത്തിലിറങ്ങും. ആദ്യ ഘട്ടത്തിൽ ഇലക്ട്രിക് ആംബുലൻസുകളായിരിക്കും വിപണിയിലെത്തുകയെന്നാണ് ലഭിക്കുന്ന വിവരം. ട്രാവലർ ഇവികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) സുപ്രധാന പരിശോധനകളും ഹോമോലോഗേഷൻ നടപടിക്രമങ്ങളും നടന്നുവരികയാണെന്നും ഫോഴ്സ് മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ പ്രസൻ ഫിറോദിയ വ്യക്തമാക്കി.
ഇരുചക്ര-മുച്ചക്ര വാഹനങ്ങളിലും പാസഞ്ചർ കാർ വിഭാഗത്തിലും കാണുന്നതുപോലെയുള്ള ദ്രുതഗതിയിലുള്ള ഇലക്ട്രിഫിക്കേഷൻ, ഏഴ് മീറ്ററിൽ താഴെ നീളമുള്ള പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങളിൽ ഉടൻ ഉണ്ടാവില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ബാറ്ററി റേഞ്ചിലെ അപര്യാപ്തതകളും ചാർജിങ് സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് പ്രധാന തടസ്സങ്ങൾ. അതിനാൽ, കൃത്യമായ റൂട്ടുകളിൽ ഓടുന്ന സ്കൂൾ ബസുകൾ പോലെയുള്ള വാഹനങ്ങളിലാകും ഇലക്ട്രിക് സാങ്കേതികവിദ്യ ആദ്യം വ്യാപകമായി ഉപയോഗിക്കപ്പെടുക എന്ന് ഫോഴ്സ് കരുതുന്നു.
ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, ജീവനക്കാരുടെ യാത്ര തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ട്രാവലർ പ്ലാറ്റ്ഫോമിനെ പ്രയോജനപ്പെടുത്താനാണ് പദ്ധതി. ആംബുലൻസുകൾ, സ്കൂൾ ബസുകൾ, ഡെലിവറി വാഹനങ്ങൾ, പോലീസ് വാനുകൾ എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമായിരിക്കും. വാഹനങ്ങളുടെ ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനും, എൻജിനീയറിങ് മികവ്, ഇലക്ട്രിഫിക്കേഷൻ, ഡിജിറ്റൈസേഷൻ, ഹൈബ്രിഡ് ഡ്രൈവ് ലൈൻ സാങ്കേതികവിദ്യ എന്നിവയ്ക്കായി 3,000 കോടി രൂപയാണ് ഫോഴ്സ് മോട്ടോഴ്സ് നിക്ഷേപിക്കുന്നത്. പ്രതിവർഷം 85,000 വാഹനങ്ങൾ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി മുന്നോട്ടുപോകുന്നത്.




