BUSINESS

അമേരിക്കയുടെയും റഷ്യയുടെയും ജനസംഖ്യയെ മറികടന്ന് ഇന്ത്യയിൽ 49.6 കോടി പേർ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായെന്ന് ലോകബാങ്ക് റിപ്പോർട്ട്

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ രാജ്യത്തെ അതിദാരിദ്ര്യത്തിന്റെ തോതിൽ വലിയ ഇടിവുണ്ടായതായി ലോകബാങ്കിന്റെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. 27.1 ശതമാനത്തിൽ നിന്ന് 2.6 ശതമാനത്തിലേക്കാണ് ഈ നിരക്ക് താഴേക്ക് പതിച്ചത്. സ്ഥിരതയാർന്ന സാമ്പത്തിക വളർച്ചയും തൊഴിൽ മേഖലയിലെ സ്ത്രീകളുടെ വർദ്ധിച്ച പങ്കാളിത്തവുമാണ് ഏകദേശം 49.6 കോടി ജനങ്ങളെ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ സഹായിച്ചത്.

ഇന്ത്യയിലെ അതിദാരിദ്ര്യ നിരക്ക് സംബന്ധിച്ച കണക്കുകൾ വികസ്വര രാജ്യങ്ങൾക്കെല്ലാം വലിയൊരു പാഠമാണെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു. 2011-ൽ 27.1 ശതമാനമായിരുന്ന അതിദാരിദ്ര്യം 2023-ൽ എത്തിയപ്പോൾ 2.6 ശതമാനമായി കുറഞ്ഞു. അമേരിക്കയുടെയും റഷ്യയുടെയും മൊത്തം ജനസംഖ്യയേക്കാൾ അധികം വരുന്ന ആളുകളെയാണ് ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത്.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും തൊഴിലവസരങ്ങളിലെ വർദ്ധനയുമാണ് ദാരിദ്ര്യനിർമാർജനത്തിന്റെ പ്രധാന ആണിക്കല്ല്. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ 17 കോടിയിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. 2015-ൽ 7.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2025-ഓടെ 4.2 ശതമാനത്തിലേക്ക് ചുരുങ്ങി. കൂടാതെ, തൊഴിൽ മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം വർദ്ധിച്ചതും നിർണായകമായി.

ഈ മാറ്റങ്ങൾ ജനങ്ങളുടെ വാങ്ങൽ ശേഷിയിൽ വലിയ വർദ്ധനവുണ്ടാക്കി. 2015-ൽ 1.24 ട്രില്യൺ ഡോളറായിരുന്ന കുടുംബങ്ങളുടെ ചെലവഴിക്കൽ ശേഷി 2025 ആയപ്പോഴേക്കും 2.24 ട്രില്യൺ ഡോളറായി ഉയർന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് അർഹരായവരിലേക്ക് നേരിട്ടെത്തിച്ച ക്ഷേമപദ്ധതികളും, സ്ത്രീശാക്തീകരണവും, കാർഷിക-ഗ്രാമീണ മേഖലകൾക്ക് നൽകിയ പിന്തുണയും ഈ മാറ്റത്തിന് വേഗത പകർന്നു.

ലോകബാങ്കിന്റെ ലോവർ-മിഡിൽ ഇൻകം പോവർട്ടി ലൈൻ മാനദണ്ഡമനുസരിച്ച് പ്രതിദിനം 4.2 ഡോളർ (ഏകദേശം 350 രൂപ) വരുമാനമുള്ളവരെയാണ് അടിസ്ഥാനമായി കണക്കാക്കുന്നത്. ഈ മാനദണ്ഡപ്രകാരം പരിശോധിക്കുമ്പോൾ ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 57.7 ശതമാനത്തിൽ നിന്ന് 16.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, ജീവിത നിലവാരത്തിലെ പുരോഗതിക്കൊപ്പം തന്നെ സർവേ രീതികളിലുണ്ടായ നവീകരണങ്ങളും ഈ കണക്കുകളിൽ പ്രതിഫലിച്ചിട്ടുണ്ടാകാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എങ്കിലും, ദാരിദ്ര്യ നിർമാർജനം എല്ലാ സംസ്ഥാനങ്ങളിലും ഒരേ വേഗതയിലല്ല നടന്നതെന്ന് എടുത്തു പറയേണ്ടതുണ്ട്. ഇന്ത്യയിലെ ദരിദ്ര ജനവിഭാഗത്തിൽ 57 ശതമാനവും ഇന്നും ഉത്തർപ്രദേശ് മുതൽ പശ്ചിമ ബംഗാൾ വരെയുള്ള മേഖലകളിലാണ് അധിവസിക്കുന്നത്. 2022 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ ശരാശരി ഏഴ് ശതമാനത്തിലധികം സാമ്പത്തിക വളർച്ച നിലനിർത്താൻ ഇന്ത്യക്ക് സാധിച്ചുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

Read News

Back to top button