അജു വർഗീസും യോഗി ബാബുവും വീണ്ടും ഒന്നിക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടൻ അജു വർഗീസും തമിഴ് സിനിമയിലെ ഹാസ്യസാമ്രാട്ട് യോഗി ബാബുവും വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാൽ നായകനായ ‘ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിന് ശേഷം ഇരുവരും കൈകോർക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ജോജു ആലുക്കയാണ്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് സംവിധായകൻ എന്ന നിലയിൽ ജോജു ആലുക്ക തന്റെ അരങ്ങേറ്റം കുറിക്കുകയാണ്.
അജു വർഗീസും യോഗി ബാബുവും തമ്മിലുള്ള കെമിസ്ട്രി തന്നെയായിരിക്കും ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അണിയറ പ്രവർത്തകർ ഉറപ്പുനൽകുന്നു. പ്രേക്ഷകർക്ക് മികച്ചൊരു ദൃശ്യവിരുന്നൊരുക്കുന്ന ഒരു എന്റർടെയ്‌നറായിരിക്കും ഇതെന്നും അവർ വ്യക്തമാക്കുന്നു. പർണവി പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം ജനുവരി മാസത്തിൽ ആരംഭിക്കും. പൊള്ളാച്ചി, കഞ്ചിക്കോട്, ചെന്നൈ, മലേഷ്യ എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.
അതേസമയം, പ്രഭുദേവ, യോഗി ബാബു, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘മൂൺ വാക്ക്’ എന്ന തമിഴ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമിഴിൽ ‘പറന്ത് പോ’ എന്ന ചിത്രത്തിൽ അജു വർഗീസ് ഇതിനോടകം വേഷമിട്ടിട്ടുണ്ട്. കൂടാതെ സൂര്യ നായകനായ ‘കറുപ്പ്’ എന്ന സിനിമയിൽ അതിഥി വേഷത്തിലും താരം എത്തിയിരുന്നു. ചിത്രത്തിന്റെ പി.ആർ.ഒ എ.എസ്. ദിനേശാണ്.




