ഒറ്റച്ചാർജിൽ 711 കിലോമീറ്റർ റേഞ്ചുമായി ഇലക്ട്രിക് പുലി; ഞെട്ടിക്കുന്ന വിലയുമായി വിപണിയിലേക്ക്

ഇലക്ട്രിക് ജി.എൽ.സി 400 4മാറ്റിക്
കൊച്ചി: ആഡംബര ഇലക്ട്രിക് വാഹന വിപണിയിലെ തങ്ങളുടെ ആധിപത്യം കൂടുതൽ ഭദ്രമാക്കാൻ ഒരുങ്ങി മെഴ്സിഡീസ് ബെൻസ്. ഇതിന്റെ ഭാഗമായി, അത്യാധുനിക ഫീച്ചറുകളുള്ള പുതിയ ഇലക്ട്രിക് ജി.എൽ.സി 400 4മാറ്റിക് എസ്.യു.വിയുടെ നിർമ്മാണം പുനെയിലെ ചക്കാനിലുള്ള കമ്പനിയുടെ പ്ലാന്റിൽ ആരംഭിച്ചു. 78.50 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. നവംബർ മാസത്തിന്റെ മധ്യത്തോടെ ഉപഭോക്താക്കളിലേക്ക് വാഹനം എത്തിത്തുടങ്ങും.
മെഴ്സിഡീസിന്റെ അത്യാധുനിക ഇ.വി പ്ലാറ്റ്ഫോമായ എം.ബി.ഇ.എ.-എം (MBEA-M) ഉപയോഗപ്പെടുത്തി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ മോഡൽ എന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്. 94 കിലോവാട്ട് ശേഷിയുള്ള ബാറ്ററി കരുത്ത് പകരുന്ന ഈ എസ്യുവിക്ക്, ഡബ്ല്യു.എൽ.ടി.പി (WLTP) മാനദണ്ഡങ്ങൾ പ്രകാരം ഒറ്റത്തവണ ചാർജ് ചെയ്താൽ 711 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
രണ്ട് മോട്ടോറുകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന വാഹനത്തിന് 489 ബി.എച്ച്.പി പവറും 800 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിവേഗ യാത്രകൾക്കായി 800 വോൾട്ട് സാങ്കേതികവിദ്യയും 330 കിലോവാട്ട് ഡി.സി ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ഇതിൽ ലഭ്യമാണ്.
നിക്ഷേപം 200 കോടി രൂപ
ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കുന്നതിനും സാങ്കേതികമായി കൂടുതൽ വികസിപ്പിക്കുന്നതിനുമായി 2026-ഓടെ 200 കോടി രൂപയുടെ അധിക നിക്ഷേപം കൂടി നടത്താൻ മെഴ്സിഡീസ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയിലെ പ്ലാന്റിലുള്ള കമ്പനിയുടെ മൊത്തം നിക്ഷേപം 3,200 കോടി രൂപയായി ഉയരും. രാജ്യത്തെ പ്രീമിയം ഇലക്ട്രിക് വാഹന വിപണിയിൽ തദ്ദേശീയമായ ഉത്പാദനം വർദ്ധിപ്പിച്ച് കൂടുതൽ നേട്ടമുണ്ടാക്കാനാണ് കമ്പനി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
RELATED TOPICS: MERCEDES BENZ ELECTRIC GLC, GLC 400 4MATIC, ELECTRIC SUV INDIA, CHAKAN PLANT PUNE, MERCEDES BENZ INDIA




