നിർജലീകരണം: തലവേദന മുതൽ ചർമത്തിലെ വരൾച്ച വരെ അവഗണിക്കപ്പെടാൻ പാടില്ലാത്ത ലക്ഷണങ്ങൾ

ദാഹം അനുഭവപ്പെടുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ, ശരീരത്തിലെ ജലാംശം കുറയുന്നുവെന്ന മുന്നറിയിപ്പ് ദാഹത്തിന് മുൻപേ തന്നെ ശരീരം നൽകിത്തുടങ്ങും. ചർമത്തിലെ വരൾച്ച മുതൽ തലവേദനയും ഏകാഗ്രതക്കുറവും വരെ ഇതിന്റെ ലക്ഷണങ്ങളാണ്. ശരീരം ജലക്ഷാമം നേരിടുന്നുണ്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന അഞ്ച് പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.
ദിവസേനയുള്ള തിരക്കുകൾക്കിടയിൽ വെള്ളം കുടിക്കാൻ വിട്ടുപോകുന്നത് സ്വാഭാവികമാണ്. എസി മുറികളിലെ ദീർഘനേരത്തെ ഇരിപ്പും കാപ്പിയുടെയും ചായയുടെയും അമിത ഉപയോഗവും ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ശരീരത്തിലെ ജലാംശത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ദാഹം അനുഭവപ്പെടുന്നത് മാത്രമല്ല നിർജലീകരണത്തിന്റെ ഏക ലക്ഷണം; ശരീരം നൽകുന്ന സൂക്ഷ്മമായ മറ്റു ലക്ഷണങ്ങളും നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്.
തലവേദനയും ശ്രദ്ധക്കുറവും: ശരീരത്തിൽ ജലത്തിന്റെ അളവ് കുറയുന്നത് നേരിയ തലവേദനയ്ക്കും ഏകാഗ്രത കുറയുന്നതിനും കാരണമാകാറുണ്ട്. വായിക്കുന്ന വരികൾ വീണ്ടും വായിക്കേണ്ടി വരിക, ചെറിയ കാര്യങ്ങൾ പോലും ഓർമിച്ചെടുക്കാൻ കഴിയാതിരിക്കുക, ജോലിയിൽ മുഴുകാൻ സാധിക്കാതെ വരിക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയിൽ നേരിയ മാറ്റമുണ്ടായാൽ പോലും തലച്ചോർ അതിനോട് പെട്ടെന്ന് പ്രതികരിക്കുന്നതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്.
മൂത്രത്തിന്റെ നിറവ്യത്യാസം: ശരീരത്തിലെ ജലാംശത്തിന്റെ തോത് മനസിലാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം മൂത്രത്തിന്റെ നിറം നിരീക്ഷിക്കുക എന്നതാണ്. ഇളം മഞ്ഞ നിറമാണെങ്കിൽ ശരീരം സുരക്ഷിതമാണെന്ന് കരുതാം. എന്നാൽ, മൂത്രത്തിന് കടും മഞ്ഞയോ ആംബർ നിറമോ അനുഭവപ്പെടുക, രൂക്ഷമായ ഗന്ധം വരിക, മൂത്രമൊഴിക്കുന്നതിന്റെ അളവ് കുറയുക എന്നിവ നിർജലീകരണത്തിന്റെ വ്യക്തമായ സൂചനകളാണ്. എങ്കിലും, ചില ഭക്ഷണങ്ങളും വിറ്റാമിനുകളും ഇതിന്റെ നിറത്തെ സ്വാധീനിക്കാറുണ്ട് എന്നതുകൊണ്ട് മറ്റ് ലക്ഷണങ്ങൾ കൂടി പരിശോധിക്കാൻ ശ്രദ്ധിക്കണം.
ചർമത്തിലും ചുണ്ടുകളിലും വരൾച്ച, വായ്നാറ്റം: ജലാംശം കുറയുമ്പോൾ ചർമം വലിഞ്ഞുമുറുകിയ പോലെയും വരണ്ടതായും തോന്നും. വായ വരളാനും ചുണ്ടുകൾ വിണ്ടുകീറാനും സാധ്യതയുണ്ട്. ഉമിനീരിന്റെ ഉൽപ്പാദനം കുറയുന്നത് വായ്നാറ്റത്തിന് വഴിതുറക്കുന്നു. വായയിലെ ബാക്ടീരിയകളെ നിയന്ത്രിച്ചു നിർത്തുന്നതിൽ ഉമിനീർ നിർണായകമാണ്, അതിന്റെ കുറവ് വായയിൽ ദുർഗന്ധമുണ്ടാക്കും. ലിപ് ബാമും മോയ്സ്ചറൈസറും ഉപയോഗിച്ചിട്ടും ചർമത്തിലെ വരൾച്ച മാറുന്നില്ലെങ്കിൽ, വെള്ളം കുടിക്കുന്ന അളവിൽ കുറവുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
തലകറക്കം, പേശിവലിവ്, മധുരത്തോടുള്ള ആഗ്രഹം: പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുക, പേശികളിൽ പെട്ടെന്ന് വലിവ് അനുഭവപ്പെടുക, മധുരപലഹാരങ്ങൾ കഴിക്കാൻ അമിതമായി തോന്നുക എന്നിവയും ജലാംശക്കുറവിന്റെ ഫലമാകാം. പേശികളുടെയും ഞരമ്പുകളുടെയും സുഗമമായ പ്രവർത്തനത്തിന് ജലവും ഇലക്ട്രോലൈറ്റുകളും അത്യാവശ്യമാണ്. ചിലപ്പോൾ ദാഹത്തെ വിശപ്പായി തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. അതിനാൽ, വിശപ്പ് തോന്നുമ്പോൾ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിച്ച് അല്പസമയം കാത്തിരിക്കുന്നത് നല്ലതാണ്.




