NEWS

സംസ്ഥാനത്തെ മികച്ച യുവകർഷകൻ ലഹരിമാഫിയയുടെ ‘ഡാനി ഭായ്’: വാഴക്കുലയും ശർക്കരയും മറയാക്കി ലഹരിക്കടത്ത്

ജർമനിയിൽ നിന്ന് അഗ്രി ബിസിനസിൽ ഉപരിപഠനം പൂർത്തിയാക്കിയ ധനേഷ് എസ്.നായർ എന്ന ‘ഡാനി ഭായ്’, പിന്നീട് നാട്ടിലെത്തി വാഴക്കൃഷിയിലേക്ക് തിരിഞ്ഞു. മികച്ച യുവകർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം 2023-ൽ ഇദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. എന്നാൽ, ആലുവയിലെ ഒരു ലോഡ്ജിൽ നിന്നും 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണൻ എന്നൊരാൾ പിടിയിലായതോടെയാണ് ഈ കർഷകന്റെ മറ്റൊരു മുഖം പുറത്തുവന്നത്. ഹരികൃഷ്ണന്റെ ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടത് വാഴക്കുലകളുടെ ദൃശ്യങ്ങൾ മാത്രമായിരുന്നു. എന്നാൽ സൂക്ഷ്മപരിശോധനയിൽ വാഴപ്പടലകൾക്കിടയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ എംഡിഎംഎ പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. നിത്യോപയോഗ സാധനങ്ങളിലും കുറിയർ സർവീസുകൾ വഴിയും ലഹരിമരുന്ന് കടത്തുന്ന കാലത്ത്, ഏറ്റവും പുതിയ തന്ത്രമായി വാഴക്കൃഷിയെ ഇവർ മറയാക്കുകയായിരുന്നു.

ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ നൈജീരിയൻ സംഘങ്ങളിൽ നിന്ന് ലഹരിമരുന്ന് ശേഖരിച്ച് നഞ്ചൻകോടിലെത്തിക്കുകയാണ് പതിവ്. ഇവിടെ ധനേഷിന് ആറേക്കർ വാഴത്തോട്ടമുണ്ട്. കാർഷിക ഉൽപ്പന്നമായതിനാൽ ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയുണ്ടാകില്ലെന്ന ആനുകൂല്യം മുതലെടുത്ത്, വാഴക്കുലകൾക്കിടയിൽ 50 മുതൽ 100 ഗ്രാം വരെയുള്ള എംഡിഎംഎ പാക്കറ്റുകൾ ഒളിപ്പിച്ച് ചാക്കുകളിലാക്കി എറണാകുളത്തേക്കും ആലപ്പുഴയിലേക്കും കടത്തുകയായിരുന്നു. 2023 മുതൽ ഈ രീതിയിൽ ലഹരി വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇടപാടുകൾ ഉറപ്പിക്കാൻ വാഴക്കുല അയക്കുന്നതിന്റെ വിഡിയോ ധനേഷ് വാങ്ങുന്നയാൾക്ക് അയക്കും; ലഹരി ലഭിച്ചുകഴിഞ്ഞാൽ അത് തിരിച്ചെടുക്കുന്നതിന്റെ വിഡിയോ വാങ്ങുന്നയാളും തിരികെ നൽകണം. ഹരികൃഷ്ണൻ അയച്ച അത്തരമൊരു വിഡിയോ ആണ് കേസിൽ നിർണ്ണായക തെളിവായി മാറിയത്.

സമാനമായ രീതിയിൽ മെൻസ്ട്രൽ കപ്പുകൾ ലഹരികടത്തിന് ഉപയോഗിച്ച സംഭവവും അടുത്തിടെ പുറത്തുവന്നു. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി (29), സരിത (30) എന്നിവരെ എക്സൈസ് സംഘം പിടികൂടിയത് ലക്ഷങ്ങൾ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎയുമായാണ്. സരിത തന്റെ സ്വകാര്യ ഭാഗത്ത് മെൻസ്ട്രൽ കപ്പിൽ ലഹരിമരുന്ന് ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. ബെംഗളൂരുവിൽ നിന്ന് ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ വെച്ച് പരിശോധന നടന്നെങ്കിലും, ഷാഫി കൈവശമുണ്ടായിരുന്ന ലഹരി വലിച്ചെറിഞ്ഞപ്പോൾ സരിതയുടെ ശരീരത്തിൽ ഒളിപ്പിച്ച ലഹരി എക്സൈസിന് കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് എറണാകുളത്ത് വിൽപ്പനയ്ക്കായി എത്തിയപ്പോഴാണ് ഇവർ പിടിയിലായത്.

Fashion ⏭️

Back to top button