SPORTS

അർഷ്ദീപ് സിങ്ങിന്റെ വിവാഹനിശ്ചയം: സമ്രീൻ കൗറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം, ആശംസകളുമായി ഹാർദിക് പാണ്ഡ്യ

ഹാമിൽട്ടൻ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ അർഷ്ദീപ് സിങ്ങിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തന്റെ പ്രതിശ്രുത വധുവായ സമ്രീൻ കൗറുമായുള്ള വിവാഹനിശ്ചയത്തിന്റെ മനോഹരമായ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചു. സമ്രീന് മോതിരം അണിയിച്ചു നൽകുന്നതും വിവാഹാഭ്യർത്ഥന നടത്തുന്നതുമായ നിമിഷങ്ങളാണ് ചിത്രങ്ങളിലുള്ളത്. ‘‘ജീവിതത്തിൽ ലഭിച്ചതിൽ വെച്ച് ഏറ്റവും വലിയ സന്തോഷം പരസ്പരം കണ്ടെത്താനായതാണ്. ഇനി നമ്മൾ ഒന്നിച്ചുള്ള പുതിയൊരു യാത്രയിലേക്കാണ്. 11.11.2026 (ഹായ് ഫിയാൻസി)’’ – എന്നിങ്ങനെയായിരുന്നു സമ്രീൻ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഈ വർഷം ജൂലൈ 26-ന് സമ്രീനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അർഷ്ദീപ് തങ്ങളുടെ പ്രണയബന്ധം ആദ്യമായി ലോകത്തോട് വെളിപ്പെടുത്തിയത്. ‘മൈ പേഴ്സൺ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ആ ചിത്രം ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അറുതി വരുത്തിയിരുന്നു. നിലവിൽ ഇന്ത്യൻ ഏകദിന ടീമിന്റെ ഭാഗമായി ന്യൂസീലൻഡിലാണ് അർഷ്ദീപ് ഉള്ളത്.

തങ്ങൾക്കെതിരായ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി സമ്രീൻ രംഗത്തെത്തി. താൻ പതിനേഴാം വയസ്സു മുതൽ ജോലി ചെയ്യുന്നുണ്ടെന്നും സ്വന്തം അധ്വാനത്തിലൂടെ ഇരുപതിലേറെ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും സമ്രീൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ‘‘ലോകത്തെ കൂടുതൽ കാണുംതോറും സോഷ്യൽ മീഡിയയിലെ ആളുകളുടെ ഇരട്ടത്താപ്പ് എനിക്ക് വ്യക്തമായി. പങ്കാളിയെ പുറത്തുകാണിച്ചില്ലെങ്കിൽ ആത്മാഭിമാനമില്ലെന്ന് പറയും, സ്നേഹം പരസ്യമാക്കിയാൽ പ്രശസ്തിക്ക് വേണ്ടിയാണെന്ന് ആരോപിക്കും. സ്വന്തമായി നിലപാടുകൾ സ്വീകരിച്ചാൽ സ്വാർത്ഥയെന്ന് മുദ്രകുത്തും. ഒരാളെ ഉള്ളുതുറന്ന് സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്താൽ പോലും ഒടുവിൽ അയാളെ ഉപേക്ഷിച്ചു പോകുമെന്ന് വിധിയെഴുതുന്നവരാണ് ഇത്തരക്കാർ’’ – സമ്രീൻ കുറിച്ചു.

Auto ⏭️

Back to top button