NEWS

സംസ്‌കൃത പരിജ്ഞാനമില്ലാത്ത സിസയുടെ നിയമനം: വിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം∙ കാലടി സർവകലാശാല വൈസ് ചാൻസലർ സിസാ തോമസിന്റെ അക്കാദമിക് യോഗ്യതകളെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് ടി.എം. തോമസ് ഐസക് രംഗത്ത്. സംഘപരിവാർ പ്രസ്ഥാനങ്ങളോടുള്ള കൂറാണ് സിസാ തോമസിന്റെ ഏക യോഗ്യതയെന്നും, കേരളത്തിലെ സർവകലാശാലകളിൽ വി.സിമാരായും ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായും നിയമിതരായ ഇത്തരം വ്യക്തികളുടെ അക്കാദമിക് പശ്ചാത്തലം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സംസ്‌കൃത സർവകലാശാലയുടെ തലപ്പത്തിരിക്കുന്ന ഒരാൾക്ക് വിഷയവുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവോ, ദർശനത്തിലോ സാഹിത്യത്തിലോ കലയിലോ ലഘുവായ പ്രാവീണ്യമോ വേണ്ടതല്ലേ എന്ന് തോമസ് ഐസക് ആരാഞ്ഞു. സംസ്‌കൃത അക്ഷരമാല പോലും വശമില്ലാത്ത സിസാ തോമസിന് ഈ ഉന്നത സ്ഥാനത്തിരിക്കാൻ എന്ത് അർഹതയാണുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. യോഗ്യതയില്ലാത്ത കസേരയിലിരുന്ന് അച്ചടക്കത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും പ്രസംഗിക്കാൻ ലജ്ജ തോന്നുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. കാലടി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ സമരത്തെ തുടർന്ന് സിസാ തോമസ് സ്വീകരിച്ച നിയമനടപടികളാണ് തോമസ് ഐസക്കിനെ ഇത്തരമൊരു കടുത്ത പ്രതികരണത്തിന് പ്രേരിപ്പിച്ചത്.

ഒരു ശാസ്ത്രജ്ഞയാണ് താനെന്ന ഭാവമാണ് നിങ്ങൾക്കുള്ളത്, എന്നാൽ ഇതുവരെ സ്വന്തമായി ഒരു പേറ്റന്റ് എങ്കിലും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. സഹ-ഉടമസ്ഥതയിൽ രണ്ട് പേറ്റന്റുകൾക്ക് അപേക്ഷ നൽകിയിട്ടുണ്ടാകാം, എന്നാൽ അപേക്ഷിക്കുന്നതും പേറ്റന്റ് ലഭിക്കുന്നതും രണ്ടാണെന്ന് ഓർമ്മിപ്പിച്ച ഐസക്, സ്വന്തം പേരിൽ ഒരു പേറ്റന്റ് പോലുമില്ലെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചെന്ന വാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അവയിൽ ഏഴെണ്ണം മറ്റുള്ളവരുടെ പ്രബന്ധങ്ങൾ സമാഹരിച്ചപ്പോൾ ലഭിച്ച സഹ-എഡിറ്റർ പദവി മാത്രമാണെന്നും, എട്ടാമത്തേത് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Fashion ⏭️

Back to top button