NEWS

ഉത്തർപ്രദേശിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് യുവതിക്ക് നേരെ ആൾക്കൂട്ട മർദനം

ഉത്തർപ്രദേശിലെ ലക്നൗവിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവതിക്ക് നേരെ ജനക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണം. കയറുകൊണ്ട് കെട്ടിയിട്ട ശേഷം യുവതിയെ നിലത്തുകൂടെ വലിച്ചിഴയ്ക്കുകയും, ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ അതിശക്തമായി മർദിക്കുകയും ചെയ്തു.

ഈ ദാരുണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആൾക്കൂട്ടത്തിലുണ്ടായിരുന്നവർ വടികൾ ഉപയോഗിച്ച് യുവതിയെ മർദിക്കുമ്പോൾ, വായിൽ നിന്ന് രക്തം വമിക്കുന്നതും രക്ഷിക്കണമെന്ന് അപേക്ഷിച്ച് അവർ നിലവിളിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്. എന്നിട്ടും, ആക്രമണം തടയാനോ യുവതിയെ സഹായിക്കാനോ ആരും മുന്നോട്ട് വന്നില്ല.

അഞ്ച് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുവതിയെ മർദിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Fashion ⏭️

Back to top button