കൊളുക്കുമല സൂര്യോദയ യാത്ര: ബുക്കിങ് ഉണ്ടായിട്ടും വാഹനങ്ങൾ ലഭിക്കാതെ വിനോദസഞ്ചാരികൾ വലയുന്നു

രാജകുമാരി ∙ സൂര്യനെല്ലിയിലെ കൊളുക്കുമലയിൽ സൂര്യോദയത്തിന്റെ മനോഹാരിത നുകരാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ആപ്പ് വഴിയുള്ള ജീപ്പ് ബുക്കിങ്ങിൽ കടുത്ത ദുരനുഭവം. മുൻകൂട്ടി ബുക്ക് ചെയ്ത വാഹനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആലുവയിൽ നിന്ന് ഇവിടേക്ക് യാത്ര തിരിച്ച സഞ്ചാരികൾക്കാണ് സമാനമായ പ്രതിസന്ധി ഉണ്ടായത്.
യാത്രയ്ക്ക് തൊട്ടുമുമ്പ്, താൻ ബുക്ക് ചെയ്ത ജീപ്പിന്റെ ഡ്രൈവറാണെന്ന് പരിചയപ്പെടുത്തി ഒരാൾ ഇവരെ ഫോണിൽ ബന്ധപ്പെടുകയും, വാഹനം തകരാറിലാണെന്നും അതിനാൽ ബുക്കിംഗ് റദ്ദാക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ടൂറിസം വകുപ്പിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ, നിശ്ചയിച്ചതുപോലെ പുലർച്ചെ നാലരയോടെ സഞ്ചാരികൾ സൂര്യനെല്ലിയിൽ എത്തിച്ചേർന്നു. എങ്കിലും, അവിടെ വാഹനം ലഭ്യമായില്ല. സംഭവസ്ഥലത്ത് ഡിടിപിസി ഉദ്യോഗസ്ഥരെയും കാണാൻ സാധിച്ചില്ല.
പിന്നീട് സ്ഥലത്തെത്തിയ അധികൃതർ ആറരയോടെ മാത്രമേ വാഹനം എത്തുകയുള്ളൂവെന്ന് അറിയിച്ചതോടെ സഞ്ചാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. ആറരയ്ക്ക് ശേഷം യാത്ര പുറപ്പെട്ടാൽ സൂര്യോദയം കാണാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സഞ്ചാരികളുടെ അമർഷം.




