കോവിഡ് ഭീതി വീണ്ടും; പി.ജെ. 2.1 വകഭേദം: ലോകം ആശങ്കയിൽ

കോവിഡ്-19 മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധികളിൽ നിന്ന് ലോകം പൂർണമായി കരകയറും മുൻപേ, വൈറസിന്റെ മറ്റൊരു വകഭേദം കൂടി ആശങ്കയായി മാറിയിരിക്കുകയാണ്. കാനഡയിൽ ഉത്ഭവിച്ച പി.ജെ. 2.1 (PJ.2.1) എന്ന പുതിയ കോവിഡ് വകഭേദം ഇപ്പോൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. 2026 മെയ് മാസത്തിൽ കാനഡയിലെ ഒന്റാറിയോയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. തുടർന്ന് അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യൂറോപ്യൻ രാജ്യങ്ങൾ, ഏഷ്യയുടെ പല ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് ഇതിന്റെ വ്യാപനം എത്തിയിരിക്കുന്നു. മനുഷ്യകോശങ്ങളിലേക്ക് അതിവേഗം നുഴഞ്ഞുകയറാനുള്ള സവിശേഷമായ ശേഷിയാണ് ഈ വൈറസിനെ ഇത്രയധികം വേഗത്തിൽ പടരാൻ സഹായിക്കുന്നതെന്ന് ലബോറട്ടറി പരിശോധനകൾ വ്യക്തമാക്കുന്നു. എങ്കിലും, ഈ രോഗം ആരോഗ്യസ്ഥിതി എത്രത്തോളം വഷളാക്കുമെന്നതിൽ ശാസ്ത്രലോകത്തിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
കോവിഡ് ലക്ഷണങ്ങളും ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ലക്ഷണങ്ങളും തമ്മിൽ വലിയ സാമ്യങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ രോഗലക്ഷണങ്ങൾ മാത്രം വെച്ച് രോഗനിർണയം നടത്തുന്നത് പലപ്പോഴും ദുഷ്കരമാണ്.
എന്താണ് PJ.2.1?
സാർസ്-കൊവ്-2 വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച ഒരു വകഭേദമാണ് പി.ജെ. 2.1. വൈറസിനെ മനുഷ്യകോശങ്ങളിലേക്ക് കടത്തിവിടുന്ന സ്പൈക്ക് പ്രോട്ടീനുകളിൽ ഉണ്ടായ പരിണാമമാണ് ഇതിന്റെ പ്രധാന സവിശേഷത. നിലവിലെ സാഹചര്യത്തിൽ, ഈ വൈറസ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ മരണനിരക്ക് വർദ്ധിക്കുന്നതിനോ വഴിവെക്കുമോ എന്ന കാര്യത്തിൽ കൃത്യമായ ക്ലിനിക്കൽ തെളിവുകൾ ലഭ്യമല്ല. ജൂൺ 30-ന് ന്യൂയോർക്ക് സിറ്റിയിലാണ് യു.എസിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. പിന്നീട് കാലിഫോർണിയ, അരിസോണ, ന്യൂ ജേഴ്സി, വെർജീനിയ, വടക്കൻ കരോലിന, മിസോറി, ഒക്ലഹോമ, കൊളറാഡോ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഇത് പടർന്നു. സ്പെയിനിലെ വിവിധയിടങ്ങളിലും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ
മറ്റ് കോവിഡ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി PJ.2.1-ന് പ്രത്യേകിച്ച് പുതിയ ലക്ഷണങ്ങളൊന്നുമില്ല. ലോകാരോഗ്യ സംഘടന അംഗീകരിച്ച സാധാരണ കോവിഡ് ലക്ഷണങ്ങൾ തന്നെയാണ് ഇതിലും കാണപ്പെടുന്നത്: പനി, വിറയൽ, ചുമ, തൊണ്ടവേദന, മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, അമിതമായ ക്ഷീണം, ശ്വാസതടസ്സം, ദഹനപ്രശ്നങ്ങൾ, കൂടാതെ ഗന്ധവും രുചിയും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഇന്ത്യയിലെ സാഹചര്യം
ഇന്ത്യയിൽ പി.ജെ. 2.1 ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും നിലവിൽ ലഭ്യമല്ല.
എന്തുകൊണ്ടാണ് ഇത് അതിവേഗം വ്യാപിക്കുന്നത്?
വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുകളിൽ വന്നിട്ടുള്ള ജനിതക വ്യതിയാനങ്ങൾ മനുഷ്യകോശങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ ഇതിനെ സഹായിക്കുന്നുണ്ട്. എന്നാൽ, വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ മറികടക്കാനുള്ള ശേഷി ഈ വൈറസിനില്ല എന്നതാണ് ആശ്വാസകരമായ കാര്യം. നിലവിലുള്ള വാക്സിനുകൾ എടുത്തിട്ടുള്ളവരുടെ ശരീരത്തിലെ ആന്റിബോഡികൾക്ക് ഈ വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മുൻകാല വകഭേദങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ മാരകമാണെന്നോ, ആശുപത്രിവാസം അനിവാര്യമാക്കുന്നതാണെന്നോ ഉള്ള തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.




