BUSINESS

കൊച്ചിന്‍ ഷിപ്പ്യാര്‍ഡും SFO-യും: കപ്പല്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ ആദ്യ തദ്ദേശീയ ലേസര്‍ സാങ്കേതികവിദ്യ

പ്രതിരോധ മേഖലയിലും ഓഹരി വിപണിയിലും സജീവ ചര്‍ച്ചാവിഷയമായി മാറുകയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (CSL). കപ്പല്‍ നിര്‍മ്മാണ രംഗത്ത് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി, നെസ്റ്റ് ഗ്രൂപ്പിന്റെ എസ്.എഫ്.ഒ ടെക്‌നോളജീസുമായി കൈകോര്‍ത്ത് ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഹൈബ്രിഡ് ലേസര്‍ ആര്‍ക്ക് വെല്‍ഡിംഗ് (HLAW) സാങ്കേതികവിദ്യ കമ്പനി അവതരിപ്പിച്ചു. യുദ്ധക്കപ്പലുകളും വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള കൂറ്റന്‍ സംവിധാനങ്ങളും അതിവേഗം നിര്‍മ്മിക്കാന്‍ സഹായകമാകുന്ന ഈ നാഴികക്കല്ല്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഉല്‍പ്പാദന ചെലവ് കുറയ്ക്കാനും ഓഹരി നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും വലിയൊരു മുതല്‍ക്കൂട്ടാകും.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡും നെസ്റ്റ് ഗ്രൂപ്പിന്റെ എസ്.എഫ്.ഒ ടെക്‌നോളജീസും സംയുക്തമായാണ് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എച്ച്.എല്‍.എ.ഡബ്ല്യു (HLAW) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പരമ്പരാഗതമായ ആര്‍ക്ക് വെല്‍ഡിംഗിന്റെ കരുത്തും ലേസര്‍ ബീമിന്റെ അത്യന്തം വേഗതയേറിയതും ആഴത്തിലുള്ളതുമായ തുളച്ചുകയറ്റ ശേഷിയും സമന്വയിപ്പിച്ചാണ് ഈ നൂതന സാങ്കേതികവിദ്യ രൂപപ്പെടുത്തിയിരിക്കുന്നത്. റോബോട്ടിക്‌സ്, അത്യാധുനിക ഓട്ടോമേഷന്‍, എസ്.എഫ്.ഒ തയ്യാറാക്കിയ ഹൈ-പവര്‍ ഫൈബര്‍ ലേസര്‍ എന്നിവയാണ് ഇതിന്റെ നട്ടെല്ല്. കളമശേരിയിലുള്ള നെസ്റ്റ് ഹൈടെക് പാര്‍ക്കിലാണ് ഈ അത്യാധുനിക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് വന്‍തുക മുടക്കി യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്ന അവസ്ഥയ്ക്ക് ഇതോടെ വിരാമമാകും. ലോഹങ്ങളുടെ കട്ടി കുറയ്ക്കാതെ തന്നെ വേഗത്തിലും കൃത്യതയിലും വെല്‍ഡിംഗ് നടത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മേന്മ. താപനില നിയന്ത്രിക്കുന്നതിലൂടെ ലോഹങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ ഒഴിവാക്കാനും മികച്ച ഫിനിഷിംഗ് ഉറപ്പാക്കാനും സാധിക്കും. നിര്‍മ്മാണ വേഗത വര്‍ദ്ധിക്കുന്നത് പ്രോജക്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും, അതുവഴി കമ്പനിയുടെ ലാഭക്ഷമത ഉയര്‍ത്താനും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെ പ്രാപ്തമാക്കും.

കപ്പല്‍ നിര്‍മ്മാണത്തിന് പുറമെ ഇന്ത്യന്‍ റെയില്‍വേയുടെ വാഗണുകള്‍, വലിയ സ്റ്റോറേജ് ടാങ്കുകള്‍, ഊര്‍ജ്ജ-പ്രതിരോധ മേഖലകളിലെ നിര്‍മ്മാണങ്ങള്‍ എന്നിവയ്ക്കും ഈ സാങ്കേതികവിദ്യ വരുംനാളുകളില്‍ വലിയ ഗുണം ചെയ്യും. ആഗോള നിലവാരത്തിലുള്ള വമ്പന്‍ കമ്പനികളുമായി മത്സരിക്കാന്‍ ഈ സാങ്കേതികവിദ്യ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് കരുത്ത് പകരും. കളമശേരിയില്‍ നടന്ന പരിപാടിയില്‍ സി.എസ്.എല്‍ ചെയര്‍മാന്‍ ജോസ് വി. ജെ.യും എസ്.എഫ്.ഒ ചെയര്‍മാന്‍ ഡോ. എന്‍. ജഹാംഗീറും ചേര്‍ന്ന് പുതിയ കേന്ദ്രം രാജ്യത്തിന് സമര്‍പ്പിച്ചു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ സംരംഭത്തെ വിലയിരുത്തുന്നത്.

കേരളത്തിന് അഭിമാനിക്കാവുന്ന ഈ നേട്ടം, കളമശേരി നെസ്റ്റ് ഹൈടെക് പാര്‍ക്കിലെ അഡ്വാന്‍സ്ഡ് ലേസര്‍ എന്‍ജിനീയറിംഗ് സെന്ററിന്റെയും എച്ച്.എല്‍.എ.ഡബ്ല്യു ആര്‍ ആന്‍ഡ് ഡി ഫെസിലിറ്റിയുടെയും ഉദ്ഘാടനവേളയിലാണ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. കേരളത്തിന്റെ മണ്ണില്‍ പിറവിയെടുത്ത ഈ സാങ്കേതിക വിദ്യ ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയ്ക്ക് പുതിയൊരു ദിശാബോധം നല്‍കുന്നു. രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകിലേകുന്ന ഈ കൂട്ടുകെട്ട്, ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കും വലിയ ആവേശമാണ് നല്‍കുന്നത്.

Read News

Back to top button