BUSINESS

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം, ഡിഎ 63 ശതമാനമായി ഉയര്‍ത്തി; 3 മാസത്തെ കുടിശികയും ശമ്പളത്തോടൊപ്പം


ദീപാവലിക്ക് മുന്നോടിയായി 1.16 കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ആശ്വാസ വാര്‍ത്ത. ക്ഷാമബത്തയും (DA) ക്ഷാമാശ്വാസവും (DR) 3 ശതമാനം വര്‍ധിപ്പിച്ച് 63 ശതമാനമാക്കി കേന്ദ്ര മന്ത്രിസഭ. 2026 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ തീരുമാനം നടപ്പാക്കുക. ഇതുവഴി കഴിഞ്ഞ മൂന്ന് മാസത്തെ കുടിശിക ഉള്‍പ്പെടെയുള്ള സാമ്പത്തിക ആനുകൂല്യം ഇത്തവണത്തെ ഉത്സവ ശമ്പളത്തോടൊപ്പം അക്കൗണ്ടുകളിലെത്തും.കേന്ദ്രത്തിന്റെ ഡിഎ, ഡിആര്‍ വര്‍ധനകേന്ദ്ര കാബിനറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും (DA), പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും (DR) 3 ശതമാനമാണു വര്‍ധിപ്പിച്ചത്. ഇതോടെ ജീവനക്കാരുടെ ആകെ ഡിഎ നിരക്ക് നിലവിലെ 60 ശതമാനത്തില്‍ നിന്ന് 63 ശതമാനമായി ഉയര്‍ന്നു. 2026 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഈ വര്‍ധന നടപ്പിലാക്കുന്നത്.എന്താണ് ഡിഎ/ ഡിആര്‍ ഡിഎ (Dearness Allowance): രാജ്യത്തെ വിലക്കയറ്റം (Inflation) കാരണം ജീവിതച്ചെലവിലുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന് പുറമെ സര്‍ക്കാര്‍ നല്‍കുന്ന അലവന്‍സാണിത്. ഡിആര്‍ (Dearness Relief): ഇതേ ആവശ്യത്തിനായി സര്‍വീസില്‍ നിന്ന് വിരമിച്ച പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്നതാണ് ക്ഷാമാശ്വാസം അഥവാ ഡിആര്‍.കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ ബ്യൂറോ പുറത്തിറക്കുന്ന ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (AICPI-IW) അടിസ്ഥാനമാക്കിയാണ് ഇവ കണക്കാക്കുന്നത്. വ്യവസായ തൊഴിലാളികള്‍ക്കിടയിലെ അവശ്യസാധനങ്ങളുടെ വില വ്യതിയാനങ്ങള്‍ പരിശോധിച്ചുള്ള 12 മാസത്തെ ശരാശരി ഇന്‍ഡക്‌സ്, ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രത്യേക ഫോര്‍മുലയില്‍ ഉള്‍പ്പെടുത്തിയാണ് എത്ര ശതമാനം വര്‍ധന വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.നടപടി ആര്‍ക്കൊക്കെ നേട്ടമാകുംഏകദേശം 48.54 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന ലഭിക്കും. അതേസമയം 68.71 ലക്ഷം വരുന്ന കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് വര്‍ധിച്ച പെന്‍ഷനും ലഭ്യമാകും. മൊത്തത്തില്‍ 1.16 കോടിയിലധികം പേര്‍ക്കാണ് ഈ ദീപാവലി സമ്മാനം ഗുണം ചെയ്യുക.എന്നാല്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈ ഡിഎ വര്‍ധന ബാധകമല്ല. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ കേന്ദ്ര പ്രഖ്യാപനം നേരിട്ട് ലഭിക്കില്ല. കാരണം സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ജീവനക്കാര്‍ക്കുള്ള ഡിഎ വര്‍ധനവ് പ്രത്യേകം പ്രഖ്യാപിക്കുകയാണ് ചെയ്യുക. കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ ഡിഎ, ഡിആര്‍ 2% വര്‍ധിപ്പിച്ചിരുന്നു.ശമ്പളവും പെന്‍ഷനും എത്ര കൂടുംഓരോ ജീവനക്കാരന്റെയും അടിസ്ഥാന ശമ്പളത്തിന്റെ (Basic Pay) 3 ശതമാനത്തിന് തുല്യമായ തുകയായിരിക്കും പ്രതിമാസം ശമ്പളത്തില്‍ അധികമായി ലഭിക്കുക. ഉദാഹരണത്തിന് ഒരാളുടെ അടിസ്ഥാന ശമ്പളം 30,000 രൂപയാണെങ്കില്‍, പ്രതിമാസം 900 രൂപയുടെ അധിക വര്‍ധന ശമ്പളത്തില്‍ ഉണ്ടാകും. പെന്‍ഷന്‍കാര്‍ക്ക് അവരുടെ അടിസ്ഥാന പെന്‍ഷന്റെ 3 ശതമാനം അധികമായി ലഭിക്കും.മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെറെയില്‍വേ, പോസ്റ്റല്‍, പ്രതിരോധം, ഇന്‍കം ടാക്‌സ് തുടങ്ങിയ വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികളുണ്ടെ്. ഇവരെ ഈ നീക്കം നേരിട്ട് ബാധിക്കും. കേരളത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന മുന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ മലയാളികള്‍ക്കും, സൈനിക പെന്‍ഷന്‍കാര്‍ക്കും ഉയര്‍ന്ന ഡിആര്‍ നിരക്കില്‍ പെന്‍ഷന്‍ ലഭിക്കുന്നത് വലിയ ആശ്വാസമാകും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 2026 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ, ഡിആര്‍ പരിഷ്‌കരണം. അതിനാല്‍ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ വര്‍ധിച്ച തുക കുടിശികയായി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തും. ഈ തീരുമാനത്തിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവിന് ഏകദേശം 10,016 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വര്‍ധനവിന്റെ കൃത്യമായ തീയതിയും, വിതരണവും സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓഫീസ് മെമ്മോറാണ്ടം (OM) പുറത്തിറങ്ങുന്നതിനനുസരിച്ചായിരിക്കും ശമ്പളം നല്‍കിത്തുടങ്ങുക. ദീപാവലിക്ക് മുന്നോടിയായി ഇത് വിതരണം ചെയ്യാനാണ് സാധ്യത.


Read News

Back to top button