നല്ല കാര്യങ്ങളെ പിന്തുണയ്ക്കും, വിമർശനങ്ങൾക്ക് മറുപടിയുമായി ദേവനന്ദ

വി ഡി സതീശൻ, ദേവനന്ദ
സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവ വേദിയിൽ വെച്ച് കുട്ടികളെ വാത്സല്യത്തോടെ ചേർത്തുപിടിച്ച മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ കണ്ട് വികാരാധീനയായി താൻ പങ്കുവെച്ച അഭിപ്രായത്തിന് നേരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ബാലതാരം ദേവനന്ദ രംഗത്തെത്തി. ആര് നല്ല കാര്യം ചെയ്താലും അത് തുറന്നുപറയാൻ താൻ മടിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയെയോ നേതാക്കളെയോ ഉദ്ദേശിച്ചല്ല താൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചതെന്നും, വോട്ടവകാശം ലഭിക്കുന്ന പതിനെട്ട് വയസ്സ് വരെ തനിക്ക് രാഷ്ട്രീയമില്ലെന്നും ദേവനന്ദ തന്റെ കുറിപ്പിലൂടെ അടിവരയിട്ടു പറഞ്ഞു.
താരം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം താഴെ:
‘ഇതുവരെ എന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഒരു രാഷ്ട്രീയ പാർട്ടിയെയോ ഏതെങ്കിലും നേതാക്കളെയോ പ്രകീർത്തിച്ചോ അല്ലാതെയോ ഞാൻ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. എനിക്ക് പതിനെട്ട് വയസ്സ് തികയുന്നത് വരെ രാഷ്ട്രീയത്തോട് എനിക്ക് ഒരു ബന്ധവുമില്ല.
എന്നാൽ, ഇന്നലെ ആ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞുപോയി. മുഖ്യമന്ത്രി ആ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചപ്പോൾ തോന്നിയ സ്വാഭാവികമായ വികാരമാണ് ഞാൻ കമന്റായി കുറിച്ചത്. അത് ഇനിയും ഉറക്കെ പറയാൻ എനിക്ക് യാതൊരു മടിയുമില്ല. കാരണം, വോട്ടവകാശം ലഭിക്കുന്നത് വരെ ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറ് പുലർത്തേണ്ട ബാധ്യത എനിക്കില്ല. അതിനാൽ, ആര് നല്ല കാര്യങ്ങൾ ചെയ്താലും അത് ഞാൻ ഇനിയും തുറന്നുപറയുക തന്നെ ചെയ്യും. മനുഷ്യരെ ചേർത്തുപിടിക്കുന്ന കൈകൾ ആരുടേതാണെങ്കിലും, ആ കരങ്ങൾക്ക് സർവ്വശക്തനായ ദൈവം ശക്തി പകരട്ടെ’.




