സൂര്യയുടെ ഹാട്രിക് നേട്ടം; നൂറു കോടി ക്ലബ്ബിൽ ‘സീൻ’

ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ നായകവേഷത്തിലെത്തിയ ‘സീൻ’, റിലീസ് ചെയ്ത് മൂന്നാം നാൾ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചരിത്രം കുറിച്ചു. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നിവയ്ക്ക് പിന്നാലെ ഈ വർഷത്തെ ഹാട്രിക് വിജയമാണ് സൂര്യ ‘സീനി’ലൂടെ സ്വന്തമാക്കിയത്. ആഗോളതലത്തിൽ രണ്ടാം ദിനത്തിൽ തന്നെ 85 കോടി രൂപ വാരിക്കൂട്ടിയ ചിത്രം, ആദ്യ ദിനത്തിൽ മാത്രം 41 കോടിയാണ് കളക്ഷൻ നേടിയത്. ജിത്തു മാധവന്റെ തമിഴ് അരങ്ങേറ്റ ചിത്രത്തിൽ ഇമ്പൻ എന്ന കഥാപാത്രത്തെ സൂര്യ അവിസ്മരണീയമാക്കി. പതിവ് സൂര്യ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിനയശൈലിയാണ് ഇത്തവണ പ്രേക്ഷകർക്ക് കാണാനായത്.
പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ നസ്രിയ നസീം, ‘മായ’ എന്ന കഥാപാത്രത്തെ തന്റെ തനതായ ശൈലിയിൽ മനോഹരമാക്കി. ചിത്രത്തിൽ ‘സൈക്കോ കില്ലർ’ വേഷത്തിലെത്തിയ നസ്ളിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു; തമിഴിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ നസ്ളിൻ ക്ലൈമാക്സിൽ നിറഞ്ഞാടുകയായിരുന്നു. ഹാസ്യവും ആക്ഷനും കോർത്തിണക്കിയ വ്യത്യസ്തമായ ആഖ്യാനരീതിയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ആനന്ദ്‌രാജ്, ലാൽ, രാജ് പ്രിയൻ എന്നിവർക്കൊപ്പം നിർണായകമായ ഒരു അതിഥി വേഷത്തിൽ ടൊവിനോ തോമസും ചിത്രത്തിൽ എത്തുന്നുണ്ട്. കൂടാതെ, ജ്യോതികയും സ്ക്രീനിൽ സാന്നിധ്യം അറിയിക്കുന്നു.
സുഷിൻ ശ്യാം ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച തമിഴ് ചിത്രം കൂടിയാണിത്. ഴഗരം സ്റ്റുഡിയോസും 2ഡി എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമ്മാണം. കേരളത്തിൽ ശ്രീഗോകുലം മൂവീസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്.




