BUSINESS

പിഎം സൂര്യഘർ: പുരപ്പുറ സോളർ സബ്സിഡിയും വായ്പയും നേടുന്നതെങ്ങനെ? കേരളത്തിൽ നാല് ലക്ഷം വീടുകൾ പിന്നിട്ടു

പിഎം സൂര്യഘർ: മുഫ്ത് ബിജ്‍ലി യോജനയുടെ ഭാഗമായി രാജ്യത്തുടനീളം പുരപ്പുറ സോളാർ സംവിധാനങ്ങൾ ഒരുക്കിയ വീടുകളുടെ എണ്ണം 66 ലക്ഷം പിന്നിട്ടിരിക്കുന്നു. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, 66.32 ലക്ഷം കുടുംബങ്ങളിൽ ഇതിനോടകം പദ്ധതി എത്തിക്കഴിഞ്ഞു. 19,503.15 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷിയാണ് ഇതുവഴി കൈവരിച്ചത്. 36,857.2 കോടി രൂപയാണ് സബ്‌സിഡി ഇനത്തിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയത്.

രാജ്യത്ത് ശരാശരി നാലോ അഞ്ചോ ദിവസങ്ങൾ കൂടുമ്പോൾ ഏകദേശം ഒരു ലക്ഷം വീടുകളിൽ വീതം സോളാർ പാനലുകൾ സ്ഥാപിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി വ്യക്തമാക്കി. 2027 മാർച്ച് വരെയാണ് പിഎം സൂര്യഘർ പദ്ധതിയുടെ ആദ്യഘട്ടം നിശ്ചയിച്ചിരിക്കുന്നത്. ഒരു കോടി വീടുകളിൽ സോളാർ സംവിധാനം എത്തിക്കുക എന്ന ലക്ഷ്യം സർക്കാർ പൂർത്തീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മാർച്ചിന് ശേഷം ഇൻഷുറൻസും കൂടുതൽ ആനുകൂല്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ‘പിഎം സൂര്യഘർ 2.0’ പദ്ധതി സർക്കാർ ആവിഷ്കരിക്കാൻ സാധ്യതയുണ്ട്.

നിലവിൽ 78,000 രൂപ വരെ സബ്‌സിഡി ലഭ്യമാകുന്ന പദ്ധതിക്കായി 75,021 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇതിൽ ഒരു കിലോവാട്ട് ശേഷിയുള്ള സോളാർ പാനലിന് 30,000 രൂപയും, രണ്ട് കിലോവാട്ടിന് 60,000 രൂപയും, മൂന്ന് കിലോവാട്ടിന് മുകളിൽ പരമാവധി 78,000 രൂപയുമാണ് സബ്‌സിഡിയായി ലഭിക്കുക.

കേരളത്തിന് പുത്തൻ നാഴികക്കല്ല്: 4 ലക്ഷം വീടുകൾ

പുരപ്പുറ സോളാർ സ്ഥാപിച്ച കണക്കുകളിൽ രാജ്യത്ത് നാലാം സ്ഥാനത്താണ് കേരളം. ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഈ മേഖലയിൽ മുന്നിലുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ഉൽപാദനശേഷിയും സ്ഥാപന നിരക്കുമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്തെ 4.12 ലക്ഷം വീടുകളിൽ പദ്ധതി നടപ്പിലായിട്ടുണ്ട്. 1569.17 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷി ഇതിലൂടെ കൈവരിക്കാൻ സാധിച്ചു. 2618.52 കോടി രൂപയാണ് സബ്‌സിഡി ഇനത്തിൽ കേരളത്തിലെ ഉപഭോക്താക്കൾക്ക് ലഭിച്ചത്.

അപേക്ഷിക്കേണ്ടതും സബ്‌സിഡി നേടേണ്ടതും എങ്ങനെ?

ചില സംസ്ഥാനങ്ങൾ കേന്ദ്ര സബ്‌സിഡിക്ക് പുറമേ സ്വന്തം നിലയ്ക്ക് അധിക സഹായങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന്, ഡൽഹിയിൽ കേന്ദ്ര സർക്കാരിന്റെ അതേ തുക സംസ്ഥാന സർക്കാരും നൽകുന്നു. ഇത് ഉപഭോക്താക്കൾക്ക് 1.56 ലക്ഷം രൂപ വരെ ഇരട്ടി സബ്‌സിഡി നേടാൻ അവസരമൊരുക്കുന്നു. മുൻഗണനാ ക്രമത്തിൽ 2.25 ലക്ഷം കുടുംബങ്ങൾക്കാണ് ഡൽഹിയിൽ ഈ ആനുകൂല്യം ലഭിക്കുകയെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.

അപേക്ഷാ നടപടികൾ:

  • അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. നിർബന്ധമായും ഔദ്യോഗിക വൈദ്യുതി കണക്ഷൻ ഉണ്ടായിരിക്കണം. നേരത്തെ ഇതേ പദ്ധതിയിൽ സബ്‌സിഡി ലഭിച്ചവർ വീണ്ടും അപേക്ഷിക്കാൻ പാടില്ല.
  • പിഎം സൂര്യഘർ പോർട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിൽ നിന്നുള്ളവർ കെഎസ്ഇബി കണക്ഷൻ വിവരങ്ങൾ കൃത്യമായി നൽകണം.
  • അനുമതി ലഭിച്ച ശേഷം അംഗീകൃത സോളാർ കമ്പനി വഴി പാനൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കാം. തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞ് റിപ്പോർട്ട് പോർട്ടലിൽ സമർപ്പിക്കണം.
  • നെറ്റ് മീറ്ററിങ് സൗകര്യം ഏർപ്പെടുത്തിയാൽ അധിക ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകി വരുമാനം കണ്ടെത്താം. പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കാൻ ഇത് സഹായിക്കും.
  • നടപടിക്രമങ്ങൾ പൂർത്തിയായാൽ രണ്ടു മാസത്തിനുള്ളിൽ സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലെത്തും.
  • പദ്ധതിക്കായി പൊതുമേഖലാ ബാങ്കുകൾ 5.75% വാർഷിക പലിശ നിരക്കിൽ വായ്പ നൽകുന്നുണ്ട്. ജൻസമർഥ് പോർട്ടൽ വഴി ഈടില്ലാതെ 2 ലക്ഷം രൂപ വരെ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

Travel ⏭️

Back to top button