NEWS

വാഴത്തോട്ടത്തിലെ ലഹരിക്കടത്ത്: ഇൻസ്റ്റഗ്രാം വഴി നിർദേശം നൽകിയ ‘ഡാനി ഭായ്’ പിടിയിൽ

കൊച്ചി: വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരവുമായി ലഹരിക്കടത്ത് സംഘത്തിലെ തലവൻ പിടിയിൽ. ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജിൽ പറയ്യിൽ വീട്ടിൽ ധനേഷ് എസ്. നായർ (31) എന്ന ‘ഡാനി’യെയാണ് ആലുവ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 803 ഗ്രാം ഹഷീഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണിയാണ് ധനേഷ്. നിലവിൽ മൈസൂരിന് സമീപമുള്ള നഞ്ചൻഗുഡുവിലാണ് ഇയാൾ താമസം. കൃഷിയിടങ്ങളും വാഴത്തോട്ടങ്ങളും മറയാക്കി ലഹരിക്കടത്ത് നടത്തുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം ആലുവയിലെ ഒരു ലോഡ്ജിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പിൽ ഹരികൃഷ്ണൻ കെ.എസ്. (32), തോപ്പുംപടി പ്രതീക്ഷാ നഗർ കുരിശിങ്കൽ ഷിനു സെബാസ്റ്റ്യൻ (34) എന്നിവരെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് 192 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഷിനുവിന്റെ വീട്ടിലെ പക്ഷിക്കൂടിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്. ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി വിതരണ ശൃംഖലയിലെ പ്രധാനിയായ ധനേഷിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ അങ്കമാലിയിൽ വെച്ചാണ് ധനേഷിനെ വലയിലാക്കിയത്.

Fashion ⏭️

Back to top button