BUSINESS

അച്ഛന്റെ വാക്ക് കേട്ടു, തുടങ്ങിയത് വേറിട്ട ബിസിനസ്; മാസം 3 ലക്ഷം വരുമാനവുമായി റിനി ഇബ്രാഹിം!

കാർഷിക പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ചുവളർന്ന റിനി ഇബ്രാഹിം, കർഷകർ നേരിടുന്ന പ്രതിസന്ധികൾ നേരിട്ടറിഞ്ഞാണ് വളർന്നത്. കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പാൽ വിതരണ ബിസിനസ് ഇന്ന് റിനിയെ ഒരു മികച്ച സംരംഭകയാക്കി മാറ്റിയതിന്റെ സന്തോഷത്തിലാണ്. തന്റെ പിതാവ് ഇബ്രാഹിം കാണിച്ചുകൊടുത്ത പാതയിലൂടെ സഞ്ചരിച്ച് സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുത്ത റിനി, ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് വിശ്വസിക്കുന്നു. കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള മുക്കാലി പാറത്തോട് കേന്ദ്രീകരിച്ചാണ് റിനിയുടെ ഉടമസ്ഥതയിലുള്ള ‘സഫ ഫാം ഫ്രഷ് മിൽക്ക്’ പ്രവർത്തിക്കുന്നത്.

എന്താണ് ഈ ബിസിനസ്? പേരുപോലെ തന്നെ പാലും അനുബന്ധ ഉൽപന്നങ്ങളുമാണ് ഇവിടുത്തെ പ്രധാന വിൽപന വസ്തുക്കൾ. നാച്ചുറൽ മിൽക്ക്, പാക്കറ്റ് പാൽ, ലോ-ഫാറ്റ് മിൽക്ക്, പനീർ എന്നിവയാണ് പ്രധാന ഉൽപന്നങ്ങൾ. പാൽ വിൽപന വലിയ തോതിൽ നടക്കുന്നുണ്ടെങ്കിലും, തൈര്, സംഭാരം, നെയ്യ്, പനീർ തുടങ്ങിയ പാലുൽപന്നങ്ങളിൽ നിന്നാണ് മികച്ച വരുമാനം ലഭിക്കുന്നത്.

പാൽവിലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. വീട്ടിലെ ഫാമിൽ 25 പശുക്കളുണ്ട്. എന്നാൽ, പാലിന് ഡയറികളിൽ ലഭിക്കുന്ന തുച്ഛമായ വില തീറ്റച്ചെലവും കൂലിയും നൽകാൻ തികയാറില്ല. ഉപഭോക്താക്കളിലേക്ക് നേരിട്ട് പാൽ എത്തിച്ചാൽ 30 ശതമാനം വരെ അധികവില ലഭിക്കുമെന്ന് മനസ്സിലാക്കിയ റിനി, സ്വന്തം ഫാമിലെ പാൽ വിൽക്കാൻ തുടങ്ങി. ആവശ്യക്കാർ ഏറിയതോടെ മറ്റ് കർഷകരിൽനിന്നും പാൽ സംഭരിച്ച് വിതരണം ആരംഭിക്കുകയായിരുന്നു.

മൂന്നുവർഷം മുൻപ്, പ്രതിദിനം 500 ലിറ്റർ പാൽ സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റുമായി തുടങ്ങിയ ഈ സംരംഭം ഇന്ന് വിപണിയിൽ തന്റേതായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോൾ ദിവസവും 2,500 ലിറ്റർ പാൽ ഇവിടെ സംസ്കരിക്കുന്നുണ്ട്. ഡയറികളെക്കാൾ മികച്ച വില കർഷകർക്ക് നൽകുന്നതിനാൽ പാൽ നൽകാൻ അവർക്കും വലിയ താൽപര്യമാണ്. പ്രതിമാസം ശരാശരി മൂന്ന് ലക്ഷം രൂപയുടെ വിൽപനയും 20 മുതൽ 30 ശതമാനം വരെ ലാഭവും നേടാൻ റിനിക്ക് സാധിക്കുന്നുണ്ട്.

ഏകദേശം ഒരു കോടി രൂപയാണ് പ്ലാന്റിലെ നിക്ഷേപം. ബോയിലർ, ഹോമോജിനൈസർ, ക്രീം സെപ്പറേറ്റർ, കൂൾ റൂം, ഓട്ടമാറ്റിക് പാക്കിങ് മെഷീൻ എന്നിവയാണ് പ്രധാന യന്ത്രസാമഗ്രികൾ. 3,500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും വാഹനങ്ങളും പരിശോധനാ ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിതരണക്കാർ ഉൾപ്പെടെ 15 പേർക്ക് ഇവിടെ തൊഴിൽ ലഭിക്കുന്നുണ്ട്. പിതാവ് വി.എം. ഇബ്രാഹിമിന്റെ സ്വപ്നപദ്ധതി കൂടിയാണിത്. വിദേശത്താണെങ്കിലും അദ്ദേഹത്തിന്റെ മികച്ച പിന്തുണ സ്ഥാപനത്തിന് ലഭിക്കുന്നുണ്ട്. ഫിദ ഫാത്തിമ, ഐറ മറിയം എന്നീ രണ്ട് പെൺമക്കളുടെ അമ്മ കൂടിയാണ് റിനി.

മത്സരങ്ങൾ ഏറെയുണ്ടെങ്കിലും, ഗുണമേന്മ ഉറപ്പാക്കിയാൽ എന്നും ഡിമാൻഡ് ഉള്ള മേഖലയാണിതെന്ന് റിനി പറയുന്നു. സ്വന്തം വാഹനത്തിലാണ് ഈരാറ്റുപേട്ട, എരുമേലി, വാഗമൺ എന്നിവിടങ്ങളിലേക്ക് വിതരണം നടക്കുന്നത്. കോട്ടയം ജില്ലയിലെ ആവശ്യം തന്നെ വലിയ അളവിലായതിനാൽ മറ്റ് സ്ഥലങ്ങളിലേക്ക് വിപണി വ്യാപിപ്പിച്ചിട്ടില്ല. വിതരണ സംവിധാനം ശക്തിപ്പെടുത്താൻ സഹകരിക്കാൻ താൽപര്യമുള്ളവർക്ക് അവസരമുണ്ട്. പാൽ 80 ഡിഗ്രിയിൽ കൃത്യമായി പാസ്ചുറൈസ് ചെയ്ത്, പിന്നീട് രണ്ട് ഡിഗ്രിയിൽ കൂൾ ചെയ്താണ് പാക്ക് ചെയ്യുന്നത്. പാലിന്റെ ക്രീം നീക്കം ചെയ്യാത്തതും കൊഴുപ്പിന്റെ അളവിൽ വ്യത്യാസമുള്ള പാൽ ലഭ്യമാക്കുന്നതും റിനിയുടെ ഉൽപന്നങ്ങളുടെ പ്രത്യേകതയാണ്.

പനീറിന്റെ ഉൽപാദനം ഇരട്ടിയാക്കാനും പുതുതായി ‘സിപ്അപ്പ്’ നിർമാണത്തിലേക്ക് കടക്കാനും പദ്ധതിയുണ്ട്. വെജിറ്റേറിയൻ ഭക്ഷണരീതി പിന്തുടരുന്നവർക്കിടയിൽ പനീറിന് വലിയ ഡിമാൻഡാണുള്ളത്. റിസ്ക് കുറഞ്ഞ ഉൽപന്നമെന്ന നിലയിൽ സിപ്അപ്പിനും വിപണിയിൽ മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ.

വിലാസം: റിനി ഇബ്രാഹിം, സഫ ഫാം ഫ്രഷ് മിൽക്ക്, പാറത്തോട്, മുക്കാലി, കാഞ്ഞിരപ്പള്ളി – 686507.

Travel ⏭️

Back to top button