കൊച്ചിയിൽ ബിസിനസ് വിപ്ലവത്തിന് തുടക്കം; മനോരമ സമ്പാദ്യം സമ്മിറ്റിന് ഇന്ന് തിരിതെളിയും, സൗരഭ് മുഖർജിയുടെ വിജയതന്ത്രങ്ങളറിയാം

കൊച്ചി ∙ സംസ്ഥാനത്തെ ഏറ്റവും വലിയ വാണിജ്യ സംഗമത്തിന് ഇന്ന് കൊച്ചി വേദിയൊരുങ്ങുന്നു. ഹോട്ടൽ ക്രൗൺ പ്ലാസയിൽ രാവിലെ പത്ത് മണിക്ക് മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിന് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ തിരിതെളിക്കും. വരുംകാലങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിന് സാധ്യതയുള്ള ബിസിനസ് മേഖലകളെക്കുറിച്ച് മാർസിലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇൻവെസ്റ്റിങ് ഓഫിസറുമായ സൗരഭ് മുഖർജി മുഖ്യപ്രഭാഷണം നിർവഹിക്കും.
നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എംഡി തോമസ് ജോൺ, വിഎസ്ടി ടില്ലേഴ്സ് സിഇഒ ആന്റണി ചെറുകര, മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി, സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് സിഇഒ മനോജ് രവി, ഹോംസ് ഇക്വിറ്റീസ് പ്രിൻസിപ്പൽ ഓഫിസർ സജി മാത്യൂസ് തുടങ്ങിയ പ്രമുഖർ തങ്ങളുടെ വിജ്ഞാനവും ബിസിനസ് അനുഭവങ്ങളും ചടങ്ങിൽ പങ്കുവെക്കും. സമാപന സമ്മേളനത്തിൽ ‘കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം: വളർച്ചയും വെല്ലുവിളികളും’ എന്ന വിഷയത്തിൽ ഫെഡറൽ ബാങ്ക് ചെയർമാൻ ഏലിയാസ് ജോർജ് പ്രഭാഷണം നടത്തും.
പുത്തൻ തലമുറയിൽപ്പെട്ട മലയാളി സംരംഭകരുടെ സാന്നിധ്യമാണ് ഇത്തവണത്തെ സമ്മിറ്റിന്റെ പ്രത്യേകത. റിവർ മൊബിലിറ്റി സഹസ്ഥാപകൻ അരവിന്ദ് മണി, പ്രിവലന്റ് എഐ സഹസ്ഥാപകൻ അരുൺ രാജ്, എൽ സോൾ പവർ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ടിൻസു മാത്യു എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. കൂടാതെ കിങ്സ് മറീൻ പ്രോഡക്ട്സിന്റെ ജോർഡൻ, ഫൈബർവേൾഡിന്റെ നീന റോബി, കേരളാ ഏയ്ഞ്ചൽ നെറ്റ്വർക്കിന്റെ രാഹുൽ മാമൻ ഏബ്രഹാം, ഫെമിസേഫിന്റെ നൗറീൻ ഐഷ, ക്രാവിന്റെ റമീസ് അലി തുടങ്ങിയ യുവസംരംഭകരും സംഗമത്തിൽ പങ്കെടുക്കും.
മുത്തൂറ്റ് എംക്രെഡ് ആണ് ഈ ബിസിനസ് സമ്മിറ്റിന്റെ ടൈറ്റിൽ സ്പോൺസർ. സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് ‘പവേഡ് ബൈ’ സ്പോൺസറായും, നബാർഡ്, ഹോംസ് ഇക്വിറ്റീസ് എന്നിവർ അസോഷ്യേറ്റ് സ്പോൺസർമാരായും സഹകരിക്കുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.




