NEWS

പാക്കിസ്ഥാന്റെ കച്ചവടക്കണക്കുകൾ തകർന്നു; ഇന്ത്യയും അഫ്ഗാനും വഴിപിരിഞ്ഞതോടെ ഒറ്റപ്പെട്ട് അയൽരാജ്യം

പാക്കിസ്ഥാന് ഇന്ത്യയുമായുള്ള വാണിജ്യബന്ധം പുനഃസ്ഥാപിക്കാൻ താല്പര്യമുണ്ടെങ്കിലും, ഇന്ത്യ ആ വഴിയേ ചിന്തിക്കുന്നതേയില്ല. ഒരു വർഷത്തിലേറെയായി അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര-വാണിജ്യ ബന്ധങ്ങളും അനിശ്ചിതത്വത്തിലാണ്. ശ്രീലങ്കയിലും ബംഗ്ലദേശിലും പാക്കിസ്ഥാന്റെ സ്വാധീനം ദിനംപ്രതി കുറഞ്ഞുവരുന്നു. ഇപ്പോൾ ചൈനയെ മാത്രമാണ് വലിയൊരു ആശ്രയമായി കാണുന്നതെങ്കിലും, അവിടെനിന്നും കനത്ത തിരിച്ചടിയാണ് രാജ്യം നേരിടുന്നത്. നിലവിലെ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പാക്കിസ്ഥാന്റെ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിഞ്ഞു, ഉഭയകക്ഷി വ്യാപാരത്തിൽ വലിയ തകർച്ചയാണ് ഉണ്ടായത്.

ദക്ഷിണേഷ്യയിലെ ഒൻപത് അയൽരാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ പാക്കിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തം. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസത്തിൽ രാജ്യത്തിന്റെ വ്യാപാരക്കമ്മി 393 കോടി ഡോളറിൽ നിന്ന് 26.62 ശതമാനം വർധിച്ച് 497 കോടി ഡോളറായി ഉയർന്നു. കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതിച്ചെലവ് കുതിച്ചുയരുന്നത് സമ്പദ്‌വ്യവസ്ഥയെ വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത്.

അഫ്ഗാനിസ്ഥാനിലേക്കും ബംഗ്ലദേശിലേക്കുമുള്ള കയറ്റുമതിയിൽ വന്ന കുറവാണ് പാക്കിസ്ഥാന് വലിയ തിരിച്ചടിയായത്. ഭീകരവാദവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് അതിർത്തികൾ അടച്ചിട്ടതോടെ 2025 ഒക്ടോബർ 10 മുതൽ അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതി പൂർണ്ണമായും നിലച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലദേശ്, ശ്രീലങ്ക, ഇന്ത്യ, ഇറാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള പാക്കിസ്ഥാന്റെ മൊത്തം കയറ്റുമതി ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ 6.72 ശതമാനം ഇടിഞ്ഞ് 944.24 മില്യൻ ഡോളറായി ചുരുങ്ങി. അതേസമയം, ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 19.79 ശതമാനം വർധിച്ച് 592 കോടി ഡോളറിലെത്തിയത് വ്യാപാരക്കമ്മി വൻതോതിൽ വർദ്ധിക്കാൻ കാരണമായി.

ചൈനയിലേക്കുള്ള പാക്കിസ്ഥാന്റെ കയറ്റുമതി 17.95 ശതമാനം വർധിച്ചിട്ടുണ്ടെങ്കിലും, അവിടെനിന്നുള്ള ഇറക്കുമതി 19.76 ശതമാനം ഉയർന്നത് ചൈനയുമായുള്ള വ്യാപാരക്കമ്മിയിലും വലിയ കുതിച്ചുചാട്ടമുണ്ടാക്കി. ചുരുക്കത്തിൽ, ഏറ്റവും വലിയ പങ്കാളിയായ ചൈനയുമായുള്ള വ്യാപാരവും ഇപ്പോൾ പാക്കിസ്ഥാന് നഷ്ടം മാത്രമാണ് നൽകുന്നത്.

ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങളൊന്നും ഇറക്കുമതി ചെയ്യുന്നില്ലെന്ന് മാത്രമല്ല, വാണിജ്യബന്ധങ്ങൾ നേരത്തെ തന്നെ വിച്ഛേദിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, മൂന്നാം കക്ഷി രാജ്യങ്ങൾ വഴി ഇന്ത്യയിൽ നിന്ന് 61.74 മില്യൻ ഡോളറിന്റെ ഉൽപന്നങ്ങൾ പാക്കിസ്ഥാൻ വാങ്ങുന്നുണ്ട്; ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 68.90 ശതമാനം കൂടുതലാണ്. അതിർത്തി അടച്ചിട്ടതിന്റെ പ്രത്യാഘാതം അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരത്തിൽ പ്രകടമാണ്; കയറ്റുമതി 90 ശതമാനവും ഇറക്കുമതി 95 ശതമാനവുമാണ് ഇടിഞ്ഞത്. ബംഗ്ലദേശിലേക്കുള്ള കയറ്റുമതിയിൽ 3 ശതമാനത്തിന്റെ കുറവും ഇറക്കുമതിയിൽ 36.11 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

Fashion ⏭️

Back to top button