NEWS

വിഡിയോ ഗെയിം ദൃശ്യങ്ങളുമായി ഇന്ത്യൻ മിഗ് വിമാനം തകർന്നെന്ന വ്യാജ പ്രചരണം; ഇന്ത്യയെ ലക്ഷ്യമിട്ട് ‘ഫെയ്ക് അക്കൗണ്ടുകൾ’, തന്ത്രങ്ങൾ ഇങ്ങനെ


വെടിയുണ്ടകളും പീരങ്കികളും അതിർത്തികളിൽ മാത്രം ശബ്ദമുയർത്തിയിരുന്ന കാലത്തുനിന്ന് യുദ്ധമുഖങ്ങൾ കംപ്യൂട്ടർ–മൊബൈൽ സ്ക്രീനുകളിലേക്കും ഡിജിറ്റൽ ഇടങ്ങളിലേക്കും പറിച്ചുനടപ്പെടുന്ന പുതിയൊരു ‘വിവര യുദ്ധ’ തന്ത്രത്തിനാണ് ആധുനിക ലോകം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകർന്നുവീണെന്ന പേരിൽ പാക്കിസ്ഥാൻ അക്കൗണ്ടുകൾ പ്രചരിപ്പിച്ച വിഡിയോ ഗെയിം ദൃശ്യം ഇതിന്റെ ഒടുവിലത്തെ ഉദാഹരണം.ലാൻഡിങ്ങിനിടെ പൈലറ്റിന്റെ പിഴവു മൂലം വിമാനം തകർന്നുവീണെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ച വിഡിയോ, ‘വാർ തണ്ടർ’ എന്ന സൈനിക സിമുലേഷൻ വിഡിയോ ഗെയിമിലെ ദൃശ്യങ്ങളാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുകയുണ്ടായി. എന്നാൽ, ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് വെറുമൊരു വ്യാജവാർത്താ സംഘമല്ല. ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ബൃഹത്തായ ‘ഡിജിറ്റൽ പ്രൊപ്പഗാൻഡ’ ശൃംഖലയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.വെറും നുണകൾ പ്രചരിപ്പിക്കുക മാത്രമല്ല ഇവരുടെ രീതി. യഥാർഥ സംഭവങ്ങളെ പ്രത്യേക അജൻഡയ്ക്കനുസരിച്ച് സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് വികാരതീവ്രമായ ഭാഷയിൽ അവതരിപ്പിക്കുക, ഒരേ തരത്തിലുള്ള പദാവലികളും ആഖ്യാനങ്ങളും തുടർച്ചയായി ആവർത്തിക്കുക തുടങ്ങിയവയാണ് പ്രധാന തന്ത്രം.


Fashion ⏭️

Back to top button