ഇരുന്നൂറ് വർഷത്തെ അതിർത്തി തർക്കം: ഒടുവിൽ ചരിത്രപരമായ ഒത്തുതീർപ്പ്

ഗ്രാമപ്രദേശങ്ങളിൽ അയൽക്കാർ തമ്മിലുള്ള അതിർത്തി തർക്കങ്ങളും വഴക്കുകളും സാധാരണമാണെങ്കിലും, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കുടുംബ കലഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? തലമുറകൾ കൈമാറി, ഭരണകൂടങ്ങളുടെ മാറ്റങ്ങളും വിപ്ലവങ്ങളും കടന്നും നിലനിന്ന 200 വർഷത്തിലേറെ പഴക്കമുള്ള ഒരു അതിർത്തി തർക്കമാണ് വടക്കുപടിഞ്ഞാറൻ ചൈനയിലെ യാന്റ ജില്ലയിൽ നിന്നും പുറത്തുവരുന്നത്. സോഷ്യൽ മീഡിയയിലും ഔദ്യോഗിക വൃത്തങ്ങളിലും ഒരേപോലെ അത്ഭുതം ജനിപ്പിച്ച ഈ സംഭവത്തിലെ കേന്ദ്രകഥാപാത്രങ്ങൾ ദു, ഷാങ് എന്നീ അയൽ കുടുംബങ്ങളാണ്.
പതിനെട്ടാം നൂറ്റാണ്ടിലെ ക്വിംങ് രാജവംശത്തിന്റെ ഭരണകാലത്താണ് ഈ തർക്കത്തിന്റെ വേരുകൾ. കാലങ്ങൾ മാറി, നാട്ടുനടപ്പുകളും ഭരണകൂടങ്ങളും മാറിയെങ്കിലും കുടുംബങ്ങൾ തമ്മിലുള്ള ഈ പക തലമുറകളിലേക്ക് പകർന്നു നൽകുകയായിരുന്നു. സമീപകാലത്തായി ഈ പ്രശ്നം വഷളായത് ദു കുടുംബം തങ്ങളുടെ അടുക്കള നവീകരിച്ച് ഉയരത്തിൽ ഒരു മതിൽ കെട്ടാൻ തീരുമാനിച്ചതോടെയാണ്. തങ്ങളുടെ വീട്ടിലേക്കുള്ള സൂര്യപ്രകാശവും വായുസഞ്ചാരവും തടസ്സപ്പെടുമെന്നും മഴവെള്ളം ഒഴുകിപ്പോകുന്നതിനെ ബാധിക്കുമെന്നും ആരോപിച്ച് ഷാങ് കുടുംബം ഇതിനെ ശക്തമായി എതിർത്തു. തുടർന്നുണ്ടായ തർക്കങ്ങളും കയ്യാങ്കളികളും പതിവായതോടെ ഗ്രാമസമിതിയും പോലീസും ഇടപെട്ടെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല.
ഏവരെയും ഞെട്ടിച്ചുകൊണ്ട്, മധ്യസ്ഥ ചർച്ചയ്ക്കിടെ ഷാങ് കുടുംബം ഒരു നിർണ്ണായക തെളിവ് ഹാജരാക്കി. 1781-ൽ, അതായത് ക്വിംങ് ചക്രവർത്തി ക്വിയാൻലോങ്ങിന്റെ ഭരണത്തിന്റെ 46-ാം വർഷത്തിൽ തയ്യാറാക്കിയ ഒരു പഴയ ഭൂമി ആധാരമായിരുന്നു അത്. മഞ്ഞനിറം പടർന്ന് അരികുകൾ പൊടിഞ്ഞ ആ കടലാസിൽ, മാതളനാരക മരം അതിർത്തിയായി നിശ്ചയിച്ച് ഇരു കുടുംബങ്ങളും ഒപ്പുവെച്ച കരാർ വളരെ വ്യക്തമായിരുന്നു. പൂർവ്വികർ എഴുതിവെച്ച ഈ ഉടമ്പടി വരുംതലമുറകൾ ആദരിക്കണമെന്ന നിലപാടിൽ ഷാങ് കുടുംബം ഉറച്ചുനിന്നു. 1949-ൽ ചൈനീസ് റിപ്പബ്ലിക് നിലവിൽ വന്ന കാലത്തും ഇതേ അതിർത്തി വിഷയത്തിൽ കോടതികൾ കയറിയവരാണ് ഈ കുടുംബങ്ങളെന്ന് പിന്നീട് വ്യക്തമായി.
ചരിത്രപരമായ രേഖകൾ ഉണ്ടായിട്ടും, കേവലം 1781-ലെ ആധാരത്തെ മാത്രം ആശ്രയിച്ച് വിധി പറയാൻ കോടതി തയ്യാറായില്ല. പകരം, പുരാതന ചൈനീസ് ചരിത്രത്തിലെ ഒരു സുവർണ്ണ പാഠമാണ് കോടതി ഇവരെ ഓർമ്മിപ്പിച്ചത്. ക്വിംങ് രാജവംശത്തിലെ വിഖ്യാത രാഷ്ട്രീയ നേതാവായ ഷാങ് യിങ് തന്റെ കുടുംബത്തിന് നൽകിയ ഉപദേശം കോടതി ഉദ്ധരിച്ചു: “ഒരു മതിലിന്റെ പേരിൽ എന്തിനാണ് കലഹിക്കുന്നത്? മൂന്നടി സ്ഥലം വിട്ടുകൊടുത്താൽ എന്താണ് കുഴപ്പം? മഹത്തായ ചൈനീസ് മതിൽ ഇന്നും നിലനിൽക്കുന്നുണ്ടെങ്കിലും, അത് നിർമ്മിച്ച ചിൻ ഷിഹ് വാങ് ചക്രവർത്തി ഇന്ന് എവിടെയാണ്?” വിട്ടുവീഴ്ചയുടെ ഈ സന്ദേശം അയൽക്കാർക്ക് നൽകിയ ഉൾക്കാഴ്ച ഒടുവിൽ വലിയൊരു ചരിത്ര തർക്കത്തിന് അന്ത്യം കുറിച്ചു.




