NEWS

വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം പരാതി: ഗൺമാന്റെ മൊഴിമാറ്റം തിരിച്ചടിയാകുന്നു

കണ്ണൂർ ∙ മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ അക്രമം അഴിച്ചുവിട്ടില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തലിന് അടിസ്ഥാനമായത് ഗൺമാൻ എം.എസ്. അഭിലാഷിന്റെ വെളിപ്പെടുത്തലാണ്. ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തെ തുടർന്ന്, മന്ത്രിയെ വധിക്കാൻ ആയുധങ്ങളുമായി സമരക്കാർ ശ്രമിച്ചുവെന്നായിരുന്നു അന്ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഉണ്ടായിരുന്നത്.

കരിങ്കൊടി കാട്ടിയും മുദ്രാവാക്യം വിളിച്ചും മന്ത്രിക്ക് നേരെ പാഞ്ഞടുത്ത കെഎസ്‌യു പ്രവർത്തകർ, ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് ആയുധം ഉപയോഗിച്ച് കഴുത്തിൽ പരിക്കേൽപ്പിച്ചുവെന്നായിരുന്നു ഗൺമാൻ അഭിലാഷ് അന്ന് നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർക്ക് 16 ദിവസത്തോളം ജയിൽവാസം അനുഭവിക്കേണ്ടി വരികയും ചെയ്തു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ടി.ഒ. മോഹനൻ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ എസ്ഐടി രൂപീകരിച്ച് കേസ് പുനരന്വേഷിക്കുകയായിരുന്നു. ആയുധം ഉപയോഗിച്ചുള്ള ആക്രമണം താൻ കണ്ടിട്ടില്ലെന്നും, മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അന്ന് അത്തരമൊരു പരാതി നൽകിയതെന്നും അഭിലാഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതോടെ കേസിൽ മന്ത്രി വീണാ ജോർജിന് തിരിച്ചടിയേൽക്കുകയായിരുന്നു. എന്നാൽ, സമരക്കാർ തന്നെ ആക്രമിക്കാൻ വരുന്നത് താൻ കണ്ടിട്ടില്ലെന്നും, അത് ഗൺമാനാണ് കണ്ടതെന്നുമാണ് എസ്ഐടിയോട് വീണാ ജോർജ് വിശദീകരിച്ചത്.

Fashion ⏭️

Back to top button