NEWS

വരുന്നു ഇരട്ട പലിശ ‘ഷോക്ക്’; ഇഎംഐ കൂടും; ഒക്ടോബറിലും ഡിസംബറിലും പലിശകൂട്ടാൻ റിസർവ് ബാങ്ക്?


പണപ്പെരുപ്പ ഭീഷണി ശക്തമായതോടെ അടുത്ത പണനയ യോഗത്തിൽ റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത വർധിച്ചു. ഒക്ടോബർ 5-7 വരെ നടക്കുന്ന യോഗത്തിൽ പലിശ നിരക്ക് 0.25% വർധിപ്പിച്ച് 5.5 ശതമാനമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഡിസംബറിൽ ഒരിക്കൽ  കൂടി സമാന രീതിയിൽ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്സ് സർവേയും വ്യക്തമാക്കി. ഫെബ്രുവരി 2023നു ശേഷം പലിശനിരക്ക് ഉയർത്തിയിട്ടില്ല. ഇറാൻ യുദ്ധത്തോടെ ക്രൂഡോയിൽ വില വർധിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തിയിട്ടുണ്ട്. അടുത്തിടെ അടിസ്ഥാന പലിശനിരക്ക് ഉയർത്തിയ യുഎസ് ഫെഡറൽ റിസർവ് വീണ്ടും മറ്റൊരു നിരക്ക് വർധനയ്ക്ക് ഒരുങ്ങുകയുമാണ്. സമാനരീതിയിൽ ഇന്ത്യയിലും പലിശനിരക്ക് ഉയർത്തണമെന്ന ആവശ്യം വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കൊല്ലം രണ്ടു തവണയെങ്കിലും നിരക്ക് വർധിപ്പിക്കണമെന്നാണ് എസ്ബിഐ റിസർച്ചിന്റെ ആവശ്യം. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇക്കൊല്ലം 6% ഇടിഞ്ഞത് ആർബിഐ കണക്കിലെടുക്കണമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ള വിപണികളേക്കാൾ ഇന്ത്യയുടെ പലിശനിരക്ക് കുറവാണ്. ഇത് വിദേശ നിക്ഷേപകരെ ഇന്ത്യയിൽ നിന്ന് അകറ്റാൻ കാരണമാകും. എന്നാൽ ഉയർന്ന പലിശനിരക്ക് ഇന്ത്യയിലേക്ക് കൂടുതൽ വിദേശനിക്ഷേപം കൊണ്ടുവരാനും രൂപയുടെ വിനിമയ നിരക്ക് ഉയർത്താനും സഹായിക്കുമെന്നുമാണ് ഇവരുടെ വാദം. സൂചന നേരത്തെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന ഓഗസ്റ്റിലെ പണനയസമിതിയുടെ യോഗത്തിൽ തന്നെ റിസർവ് ബാങ്ക് നൽകിയിരുന്നു. കഴിഞ്ഞ 4 തവണയും പലിശ നിരക്കിൽ ആർബിഐ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെയും ഡപ്യൂട്ടി ഗവർണർ പൂനം ഗുപ്തയുടെയും വാക്കുകൾ അടുത്തുതന്നെ പലിശനിരക്ക് വർധനയുണ്ടാകുമെന്നതിന്റെ സൂചനയാണ്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആർബിഐയുടെ സഹനപരിധിയായ 4 ശതമാനത്തിനു മുകളിൽ തുടരുന്നതും നിർണായകമാണ്. നിരക്ക് കൂട്ടിയാൽ? ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നതിനുള്ള ചെലവ് കൂടും. ഇത് ബാങ്കുകൾ ഉപഭോക്താക്കളിലേക്ക് കൈമാറും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുകയോ (ഇഎംഐ) തിരിച്ചടവ് കാലാവധിയോ വർധിക്കാൻ ഇടയുണ്ട്. ബാങ്കുകളിൽ നിക്ഷേപം നടത്തിയവർക്ക് നീക്കം ഗുണകരമാണ്. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിച്ചേക്കും. 29,000 കോടി സമാഹരിക്കാൻ കമ്പനികൾ അതേസമയം,നിരക്ക് വർധന കമ്പനികളുടെ വായ്പയെടുക്കൽ ചെലവ് വർധിപ്പിക്കും. ഇതിനു മുൻപ് കടമെടുക്കൽ പൂർത്തിയാക്കാൻ രാജ്യത്തെ കമ്പനികൾ ശ്രമം തുടങ്ങി. ഒക്ടോബർ ഏഴിലെ പ്രഖ്യാപനത്തിനു മുൻപ് വിവിധ കമ്പനികൾ ചേർന്ന് ബോണ്ട് വിൽപനയിലൂടെയും മറ്റും സമാഹരിക്കുന്നത് 29,000 കോടി രൂപയാണ്. റിലയൻസ് ഇൻ‍ഡസ്ട്രീസ്, വേദാന്ത, ഡൽഹി ഇന്റർനാഷണൽ എയർപോർട്, അദാനി എയർപോർട് ഹോൾഡിങ്സ്, ജെഎസ്ഡബ്ല്യു എനർജി തുടങ്ങിയ കമ്പനികളാണ് ഇതിനു പിന്നിൽ.


Fashion ⏭️

Back to top button