NEWS

സിപിഎം ഓഫിസിൽ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിക്ക് ക്രൂരമർദനം: ജീവൻ ഭീഷണിയിലെന്ന് വെളിപ്പെടുത്തൽ

പനമരം (വയനാട്) ∙ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക്. സംഘടനയുടെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തനിക്ക് ക്രൂരമർദനം ഏൽക്കേണ്ടി വന്നുവെന്നും, പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ ദാരുണാന്ത്യം ഓർമ്മിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് രംഗത്തെത്തിയത് വലിയ വിവാദമായിരിക്കുകയാണ്. താൻ നാളെ ജീവനോടെ കാണുമോ എന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയിലാണെന്നും തനിക്ക് വധഭീഷണിയുണ്ടെന്നും സായന്ത് വ്യക്തമാക്കി.

ഈ മാസം 12-ന് പുൽപള്ളിയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ചായിരുന്നു സംഭവം. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ സാന്ദ്ര രവീന്ദ്രൻ, ജില്ലാ സെക്രട്ടറി എം.എസ്. ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുമ്പ് ദണ്ഡും മൈക്ക് സ്റ്റാൻഡും ഉപയോഗിച്ച് തന്നെ മർദിച്ചുവെന്ന് സായന്ത് ആരോപിക്കുന്നു. ഗ്യാനേഷ് കുമാറിനെതിരെ വിദ്യാർഥികൾ സംഘടിപ്പിച്ച സമരപ്പന്തലിൽ എസ്എഫ്ഐയെ പ്രതിനിധീകരിച്ച് സായന്ത് നടത്തിയ പ്രസംഗമാണ് അക്രമത്തിലേക്ക് നയിച്ചത്.

സമരത്തിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്ത സാന്ദ്രയും ആദർശും, സിദ്ധാർഥന് സംഭവിച്ചത് ഓർമയില്ലേ എന്ന് ചോദിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. മർദനത്തിന് ശേഷം തന്നെ മുറിയിൽ പൂട്ടിയിട്ടതായും, ഇനി എസ്എഫ്ഐയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പഴശ്ശിരാജ കോളജിലെ പഠനം പാതിവഴിയിൽ തടസ്സപ്പെടുത്തുമെന്നും ഇവർ ഭീഷണിപ്പെടുത്തിയതായും സായന്ത് കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button