NEWS
കല്ലേലി രാഘവൻ പിള്ള അന്തരിച്ചു

ആലപ്പുഴ ∙ അധ്യാപകനും എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ ആലപ്പുഴ തോണ്ടൻകുളങ്ങര ശ്രീവിദ്യയിൽ കല്ലേലി രാഘവൻ പിള്ള (97) അന്തരിച്ചു. ഒട്ടേറെ പ്രമുഖ വ്യക്തികൾക്കും അധ്യാപകർക്കും മാർഗദർശിയായിരുന്ന അദ്ദേഹം ആലപ്പുഴയുടെ ഗുരുനാഥൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നലെ വൈകിട്ട് 3.30ന് ആലപ്പുഴയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ 10 മുതൽ 12 വരെ എസ്ഡിവി ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിലും തുടർന്നു വീട്ടിലും പൊതുദർശനത്തിനു ശേഷം വൈകിട്ട് 4ന് ചാത്തനാട് ശ്മശാനത്തിൽ സംസ്കാരം.1985ലെ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാര ജേതാവാണ്. 40 വർഷം അഖില കേരള ബാലജനസഖ്യം ആലപ്പുഴ യൂണിയന്റെ രക്ഷാധികാരിയായിരുന്നു. 1952 മുതൽ 37 വർഷം ആലപ്പുഴ എസ്ഡിവി സ്‌കൂളുകളിൽ അധ്യാപകനും പ്രധാനാധ്യാപകനുമായി സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം 18 വർഷം എംഇഎസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പ്രിൻസിപ്പലായി. ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷൻ, ആകാശവാണിയിൽ ഉപദേശക സമിതിയംഗം, ജവാഹർ ബാലഭവന്റെ സ്ഥാപക ഡയറക്ടർ, ജില്ലാ സാക്ഷരതാ സമിതി അക്കാദമിക് കൗൺസിൽ അധ്യക്ഷൻ, ഭവന നിർമാണ സഹകരണ സംഘം ഡയറക്ടർ, മുഖരേഖ മാസികയുടെ ചീഫ് എഡിറ്റർ തുടങ്ങി ഒട്ടേറെ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചു. മൂന്നു പതിറ്റാണ്ടിലേറെ നെഹ്റു ട്രോഫി വള്ളംകളി സ്മരണികയുടെ പത്രാധിപരായി പ്രവർത്തിച്ചു.
Fashion ⏭️


