SPORTS

റോയൽ നിഖിൽ! കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തി ട്രിവാൻഡ്രം റോയൽസിന് രണ്ടാം ജയം


തിരുവനന്തപുരം ∙ കെസിഎലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 5 റൺസിന് കീഴടക്കിയ ട്രിവാൻഡ്രം റോയൽസിന് രണ്ടാം ജയം. 5 പന്തിൽ 22 റൺസ് നേടിയതിനൊപ്പം കാലിക്കറ്റിന്റെ 4 വിക്കറ്റുകളും കൊയ്ത എം.നിഖിലാണ് കളിയിലെ താരം. സ്കോർ: ട്രിവാൻഡ്രം 20 ഓവറിൽ 6ന് 183. കാലിക്കറ്റ് 20 ഓവറിൽ 9ന് 178. വിഷ്ണു വിനോദ് (59) ആണ് റോയൽ ഇന്നിങ്സിലെ ടോപ് സ്കോറർ. കാലിക്കറ്റ് ഇന്നിങ്സിൽ സൽമാൻ നിസാറും (50) അബ്ദുൽ ബാസിതും (41) വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും ഇരുവരെയും നിഖിൽ പുറത്താക്കി.മറുവശത്ത് ഉറച്ചുനിന്ന വിഷ്ണു വിനോദും അക്ഷയ് മനോഹറും ചേർന്ന് നാലാം വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേർത്തു. സ്കോറിങ് വേഗം ഉയർത്താനുള്ള ശ്രമത്തിനിടയിലാണ് വിഷ്ണു വിനോദ് പുറത്തായത്. 39 പന്തുകളിൽ മൂന്ന് ഫോറും നാല് സിക്സുമടക്കം 59 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അക്ഷയ് മനോഹർ 22 റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സിജോമോൻ ജോസഫും എം.നിഖിലും ചേർന്നാണ് റോയൽസിന്റെ സ്കോർ 183ൽ എത്തിച്ചത്. അവസാന ഓവറിൽ ഒരു ഫോറും മൂന്നു സിക്സും നേടിയ നിഖിൽ അഞ്ച് പന്തുകളിൽ നിന്ന് 22 റൺസുമായി പുറത്താകാതെ നിന്നു. സിജോമോൻ ജോസഫ് 13 പന്തുകളിൽ നിന്ന് 22 റൺസ് നേടി. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയയും അഖിൻ സത്താറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.എന്നാൽ സൽമാൻ നിസാറും അബ്ദുൾ ബാസിദും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് വലിയൊരു തിരിച്ചുവരവിന് തിരികൊളുത്തി. വെറും 17 പന്തിൽ ഇരുവരും ചേർന്ന് 42 റൺസ് അടിച്ചുകൂട്ടിയതോടെ കാലിക്കറ്റിന്റെ വിജയപ്രതീക്ഷകൾ വീണ്ടും ഉണർന്നു. പക്ഷേ, അർദ്ധസെഞ്ചുറി തികച്ച തൊട്ടടുത്ത പന്തിൽ സൽമാൻ നിസാർ പുറത്തായത് കാലിക്കറ്റിന് തിരിച്ചടിയായി. എം നിഖിലിന്റെ പന്തിൽ വി.അജിത് ക്യാച്ചെടുത്താണ് സൽമാൻ മടങ്ങിയത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതെ അബ്ദുൾ ബാസിദ് ഒരു വശത്ത് നിലയുറപ്പിച്ചതോടെ കളി വീണ്ടും ആവേശനിമിഷങ്ങളിലേക്ക് നീങ്ങി. രാഹുൽ ചന്ദ്രൻ എറിഞ്ഞ 19-ാം ഓവറിൽ നാല് വൈഡും ഒരു നോബോളും അടക്കം 19 റൺസ് പിറന്നു.


Auto ⏭️

Back to top button