NEWS
ഡിജിറ്റൽ അറസ്റ്റ്: ഐടി മുൻ ഡയറക്ടറുടെ 1.25 കോടി തട്ടി; കംബോഡിയൻ തട്ടിപ്പുസംഘത്തിലെ 11 പേർ പിടിയിൽ

ന്യൂഡൽഹി ∙ കേന്ദ്ര ഐടി മന്ത്രാലയത്തിലെ മുൻ ഉന്നത ഉദ്യോഗസ്ഥനെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 1.25 കോടി രൂപ തട്ടിയെടുത്ത കേസിൽ കംബോഡിയൻ സംഘത്തിലെ 11 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മുൻ സയന്റിസ്റ്റ് ആൻഡ് ഡയറക്ടറായ പ്രദീപ്കുമാർ ദാസാണ് (69) തട്ടിപ്പിനിരയായത്.ഓഗസ്റ്റ് 14നാണ് എടിഎസ്, എൻഐഎ ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പുകാർ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇദ്ദേഹത്തിന്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ചതു ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തുടക്കം. തുടർന്ന് ബാങ്ക് അക്കൗണ്ടിലുള്ള പണം പരിശോധനയ്ക്കായി കൈമാറണമെന്ന് ആവശ്യപ്പെട്ടു. പ്രതികൾ നൽകിയ 3 അക്കൗണ്ടുകളിലേക്ക് 1,25,09,000 രൂപ ഇദ്ദേഹം കൈമാറി. ദിവസങ്ങളോളം വിഡിയോ കോളിലൂടെ നിരീക്ഷിച്ചും നിയന്ത്രിച്ചുമായിരുന്നു ഭീഷണി. പണം ലഭിച്ചതോടെ ഫോൺവിളി അവസാനിച്ചു. ഉദ്യോഗസ്ഥൻ പിന്നീട് പൊലീസിൽ പരാതി നൽകി.
Fashion ⏭️




