SPORTS
പരുക്ക് ‘അഭിനയിച്ച്’ പാക്ക് താരം, ക്രീസിലേക്ക് മുടന്തി വന്ന് മലയാളി താരത്തിന്റെ വിജയസിക്സർ; ചർച്ചയായി അർജുന്റെ വിഡിയോ

തിരുവനന്തപുരം ∙ കായികരംഗത്ത് പരുക്കുകൾ തികച്ചും സ്വാഭാവികമാണ്. എന്നാൽ താരങ്ങൾ അതിനെ എങ്ങനെ സമീപിക്കുന്നു എന്നത് പ്രധാനമാണ്. ചിലർ പരുക്കിനെ ഒരു ഒഴികഴിവായി മാറ്റുമ്പോൾ മറ്റു ചിലർ ബുദ്ധിമുട്ടുകൾ അതിജീവിച്ച് ടീമിനായി പോരാടും. അങ്ങനെയൊരു കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാൻ താരം ഇമാം ഉൾ ഹഖ് പരുക്ക് ‘അഭിനയിക്കുകയായിരുന്നു’ എന്ന ആരോപണം ഉയരുന്നതിനിടയിൽ, കേരള ക്രിക്കറ്റ് ലീഗിൽ കാലിനു പരുക്കേറ്റിട്ടും ടീമിലെ വിജയത്തിലെത്തിക്കാൻ ഗ്രൗണ്ടിലിറങ്ങിയ തൃശൂർ ടൈറ്റൻസ് താരം എ.കെ.അർജുന്റെ പോരാട്ടവീര്യം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.ലോർഡ്സിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിലാണ് പാക്ക് ഓപ്പണർ ഇമാം ഉൾ ഹഖിന്റെ കാലിനു പരുക്കേറ്റത്. പിസിബി മെഡിക്കൽ ടീം പരുക്ക് സ്ഥിരീകരിക്കുകയും മത്സരത്തിലെ ശേഷിക്കുന്ന ദിവസങ്ങളിൽനിന്ന് താരത്തെ ഒഴിവാക്കുകയും ചെയ്തു. ഇതോടെ പാക്കിസ്ഥാൻ ടീം 10 പേരായി ചുരുങ്ങി. എന്നാൽ നാലാം ദിനത്തിൽ, ഇടതു കാൽവണ്ണയിൽ കട്ടിയുള്ള ടേപ്പ് ഒട്ടിച്ച് ഷോർട്സ് ധരിച്ചാണ് ഇമാം കളിക്കളത്തിലേക്ക് വന്നത്. ടിവി ക്യാമറകൾക്ക് മുന്നിൽ വച്ച് മുടന്തി നടന്നാണ് ത്രോഡൗൺ പരിശീലനം നടത്തിയത്. മുൻ ഇംഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡ് ഇതിനെ വിമർശിച്ചു. മറുവശത്ത്, കേരള ക്രിക്കറ്റ് ലീഗിൽ ഇതിന് തികച്ചും വിപരീതമായ ദൃശ്യങ്ങളാണ് കണ്ടത്. തിങ്കളാഴ്ച, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെതിരെയുള്ള മത്സരത്തിൽ തൃശ്ശൂർ ടൈറ്റൻസിന് ജയിക്കാൻ അവസാന പന്തിൽ നാല് റൺസായിരുന്നു വേണ്ടിയിരുന്നത്. എസ്.എസ്.ഷാരോൺ പുറത്തായതിന് ശേഷമാണ് എ.കെ.അർജുന് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. ഡഗൗട്ടിൽനിന്ന് ക്രീസ് വരെ മുടന്തിയാണ് അർജുൻ എത്തിയത്. അവസാന പന്ത് നേരിട്ട താരം, സിക്സറടിച്ച് ടീമിനെ വിജയിത്തിലെത്തിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Auto ⏭️


