LIFESTYLE

ആരോഗ്യവും രുചിയും ഒത്തിണങ്ങിയത്; സ്റ്റഫ്‌ഡ്  പാലക്  ഇഡ്ഡലി തയ്യാറാക്കാം


പ്രതീകാത്മക ചിത്രം

ആരോഗ്യവും രുചിയും ഒരുപോലെ ഒത്തിണങ്ങിയ ഒരടിപൊളി ഇഡ്ഡലി റെസിപ്പി പരിചയപ്പെടാം. സ്റ്റഫ്‌ഡ് പാലക് ഇഡ്ഡലിയെന്നാണ് ഇതിന്റെ പേര്. ചീരയുടെയും പനീറിന്റെ ഗുണങ്ങളടങ്ങിയ ഈ ഇഡ്ഡലിയിൽ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഇഡ്ഡലി നാലുമണി പലഹാരമായും കഴിക്കാവുന്നതാണ്.

ആവശ്യമായ ചേരുവകൾ


ഇഡ്ഡലി അരി – ഒരു കപ്പ്
ഉഴുന്ന് – അര കപ്പ്
ഉലുവ – അര ടീസ്‌പൂൺ
പാലക് – അര കപ്പ്
പനീർ – ഒന്നര കപ്പ്
സവാള – ഒന്ന്
പച്ചമുളക് – ഒന്ന്
ഇഞ്ചി – അര ടീസ്‌പൂൺ
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


പച്ചരിയും ഉഴുന്നും ഉലുവയും കഴുകിയെടുത്തതിനുശേഷം കുതിർന്നുവരാനായി വെള്ളത്തിലിടണം. ശേഷം അരച്ചെടുത്ത് ഇഡ്ഡലി മാവ് തയ്യാറാക്കാം. ഇതിൽ ആവശ്യത്തിന് ഉപ്പുചേർത്ത് മാറ്റിവയ്ക്കാം.
ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കണം. ശേഷം എണ്ണ ഒഴിച്ച് ജീരകം പൊട്ടിക്കണം. ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റണം.
സവാള നന്നായി വഴണ്ട് വരുമ്പോൾ പാലക് ചീര, പനീർ, ഇഞ്ചി കഷ്ണങ്ങളാക്കിയത്, പച്ചമുളക് എന്നിവ ചേർത്ത് വേവിക്കണം. ആവശ്യത്തിന് ഉപ്പും ചേർക്കാം.
വെന്തതിനുശേഷം മാറ്റിവയ്ക്കണം.
അടുത്തതായി ഇഡ്ഡലി തട്ടിൽ മാവ് ഒഴിച്ചതിനുശേഷം അതിനുമുകളിലായി പാലക് മിശ്രിതം വയ്ക്കണം. ശേഷം പാത്രം അടച്ച് അഞ്ചുമിനിട്ട് ആവിയിൽ വേവിച്ചെടുക്കണം. ചൂടോടെ സാമ്പാർ, ചട്ട്‌ണി എന്നിവക്കൊപ്പം വിളമ്പാം.

English Summary

A recipe for “Stuffed Palak Idli,” emphasizing both health and taste, has been introduced. This idli features spinach and paneer, providing a dish rich in protein and fiber suitable for all ages. Positioned as a nutritious evening snack, the article details the necessary ingredients and a step-by-step preparation guide for making this popular South Indian delicacy.


News ⏭️

Back to top button