LIFESTYLE
‘വീടില്ലാതെ വളർന്നവർക്ക് മാത്രം മനസ്സിലാകുന്ന സന്തോഷം’: മാതാപിതാക്കൾക്ക് ‘സ്വപ്നം’ സമ്മാനിച്ച് യുവാവ്; സമൂഹമാധ്യമത്തിൽ കയ്യടി

സ്വന്തമായി ഒരിഞ്ചു മണ്ണോ തലചായ്ക്കാൻ ഒരു വീടോ ഇല്ലാതെ വളർന്നുവന്നവരെ സംബന്ധിച്ചിടത്തോളം, ആദ്യമായി സ്വന്തമായി ഒരു വീടിന്റെ താക്കോൽ കയ്യിൽ വാങ്ങുന്നത് വെറുമൊരു സാമ്പത്തിക നേട്ടമല്ല, മറിച്ച്, ജീവിതകാലം മുഴുവൻ മനസ്സിൽ കൊണ്ടുനടന്ന സങ്കടങ്ങൾക്കുള്ള മറുപടിയും അതിരുകളില്ലാത്ത വൈകാരിക നിമിഷവുമാണ്. പുണെയിൽ നിന്നുള്ള ഹിപ്-ഹോപ്പ് കലാകാരനും റാപ്പറുമായ ഹരീഷ് താക്കൂറിന് ഈ നേട്ടം തന്റെ കുട്ടിക്കാലത്ത് താൻ സ്വന്തമായി നൽകിയ വലിയ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായിരുന്നു.വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിനൊടുവിൽ തന്റെ മാതാപിതാക്കൾക്കായി ആദ്യത്തെ വീട് വാങ്ങിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ഹരീഷ് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇന്ന് ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്. ‘ഞാൻ എന്റെ മാതാപിതാക്കൾക്കായി അവരുടെ ആദ്യത്തെ വീട് വാങ്ങി,’ എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് അദ്ദേഹം ആ മനോഹര നിമിഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.25 വർഷത്തെ കഷ്ടപ്പാട് താഴ്ന്ന-മധ്യവർഗ കുടുംബത്തിൽ ജനിച്ച ഹരീഷിന്റെ ബാല്യം വലുപ്പമേറിയ സ്വപ്നങ്ങൾ കൊണ്ടും എന്നാൽ വലുപ്പം കുറഞ്ഞ സാഹചര്യങ്ങൾ കൊണ്ടും നിറഞ്ഞതായിരുന്നു. മാതാപിതാക്കളും നാല് സഹോദരങ്ങളും അടങ്ങുന്ന കുടുംബം 25 വർഷത്തോളമാണ് ഒരു ചെറിയ മുറിയിൽ കഴിഞ്ഞുകൂടിയത്.കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പിതാവ് കഠിനാധ്വാനം ചെയ്തിരുന്നുവെങ്കിലും, അന്നന്നത്തെ ജീവിതച്ചെലവുകൾക്കിടയിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാമ്പത്തികമായി ആ കുടുംബത്തിന് അപ്രാപ്യമായിരുന്നു. ‘ചെറുപ്പത്തിൽ ആ ചെറിയ മുറിയിലിരിക്കുമ്പോൾ ഞാൻ എനിക്ക് തന്നെ ഒരു വാക്ക് കൊടുത്തിരുന്നു… എന്നെങ്കിലും എന്റെ മാതാപിതാക്കൾക്ക് അവരുടെ സ്വപ്നഭവനം ഞാൻ വാങ്ങി നൽകും’, ഹരീഷ് കുറിച്ചു.’ആ നെയിംപ്ലേറ്റ് കാണുമ്പോൾ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’. അടങ്ങാത്ത അഭിനിവേശവും കഠിനാധ്വാനവും മാതാപിതാക്കളുടെ അനുഗ്രഹവുമാണ് ഒടുവിൽ ഹരീഷിനെ ആ വലിയ ലക്ഷ്യത്തിലെത്തിച്ചത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ താക്കോൽ കൈമാറുമ്പോൾ ആ ചെറുപ്പക്കാരന്റെ കണ്ണുകളിൽ സന്തോഷാശ്രുക്കളായിരുന്നു.’വീട്ടിലേക്ക് കയറുമ്പോഴെല്ലാം നെയിംപ്ലേറ്റിൽ എന്റെ മാതാപിതാക്കളുടെ പേരുകൾ കാണുന്നത് ഇപ്പോഴും എനിക്ക് അവിശ്വസനീയമായി തോന്നുന്നു. ഓരോ ‘ഗല്ലി ബോയി’ക്കും ഈ ദിവസം കാണാൻ കഴിയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു’, എന്നും ഹരീഷ് കൂട്ടിച്ചേർത്തു. തെരുവുകളിൽ നിന്ന് സ്വന്തം കഴിവുകൊണ്ട് ഉയർന്നുവരുന്ന എല്ലാ കലാകാരന്മാർക്കും പ്രചോദനമാണ് ഈ യുവാവ്.
Cinema ⏭️




