SPORTS
വൈഭവ് സൂര്യവംശിക്ക് ശരിക്കും 15 വയസ്സ് തന്നെയാണോ? ഇന്ത്യയ്ക്കു പുറത്ത് ഇപ്പോഴും സംശയമുണ്ടെന്ന് മുൻ ഓസ്ട്രേലിയൻ താരം

മുംബൈ∙ ഇന്ത്യൻ കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ പ്രായത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കു പുറത്ത് ഇപ്പോഴും സംശയങ്ങളുണ്ടെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ്‍ ലീ. വൈഭവിന് എത്ര വയസ്സായാലും ഏറ്റവും മികച്ച ക്രിക്കറ്റാണ് അദ്ദേഹം കളിക്കുന്നതെന്നും അക്കാര്യത്തിലാണ് ചർച്ചകൾ നടക്കേണ്ടതെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി. ‘‘വൈഭവ് അദ്ഭുതം തന്നെയാണ്. ഇന്ത്യയ്ക്കു പുറത്തുള്ളവർ ചോദിക്കുന്നത് അദ്ദേഹത്തിന് ശരിക്കും 15 വയസ്സു തന്നെയാണോ എന്നാണ്. അതാണ് ഇന്ന് പ്രധാന ചർച്ച. വൈഭവിന് എത്ര വയസ്സാണെന്നത് എനിക്കു പ്രധാനമല്ല.’’– ബ്രെറ്റ്ലീ ഒരു യുട്യൂബ് ചാനലിലെ ചർച്ചയിൽ പ്രതികരിച്ചു.15 വയസ്സുകാരനായ വൈഭവ് സൂര്യവംശി, ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റ മത്സരം കളിച്ചത്. ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് വൈഭവ് തകർത്തിരുന്നു. 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു വൈഭവിന്റെ അരങ്ങേറ്റം. 1989 നവംബറിൽ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ടെസ്റ്റിൽ അരങ്ങേറ്റ മത്സരം കളിച്ചത്.
Auto ⏭️


