NEWS
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് നേരിടാൻ നടപടി; ഭാരവാഹനങ്ങൾക്ക് സമയപ്പൂട്ട്

കണ്ണൂർ ∙ ദേശീയപാതയിൽ വളപട്ടണം, മേലെചൊവ്വ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പാക്കിത്തുടങ്ങി. പൊലീസിന്റെ സഹായത്തോടെയാണ് നടപടി. വളപട്ടണം പാലത്തിലെ നവീകരണവും മേലെചൊവ്വ മേൽപാലം നിർമാണവും നടക്കുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കലക്ടർ പി.വിഷ്ണുരാജിന്റെ ഉത്തരവ് പ്രകാരമാണ് നിയന്ത്രണം. 2 പ്രവൃത്തികളും പൂർത്തിയാകുന്നതു വരെ നിയന്ത്രണം തുടരും. ഓണക്കാലത്ത് എടക്കാട് പൊലീസ് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.നിയന്ത്രണമിങ്ങനെ ∙ വളപട്ടണം – പഴയങ്ങാടി റോഡിൽ ചെറുകുന്നിലും തളിപ്പറമ്പ് റോഡിൽ ധർമശാല മുതൽ എടക്കാട് വരെയുള്ള ഭാഗത്തും രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയുമാണ് ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ളത്. 10 ടയർ മുതലുള്ള ഹെവി ചരക്ക് വാഹനങ്ങൾ, മൾട്ടി-ആക്സിൽ ട്രക്കുകൾ, ട്രെയിലർ– സെമി-ട്രെയിലർ തുടങ്ങിയവയ്ക്കാണു നിയന്ത്രണം. ഈ സമയത്ത് ഗതാഗതതടസ്സമുണ്ടാക്കാത്ത രീതിയിൽ ഭാരവാഹനങ്ങൾ നിർത്തിയിടാൻ പൊലീസ് ക്രമീകരണം നടത്തും.
Fashion ⏭️



