സ്ഥലം പ്രശ്നമാണോ: പ്ലാസ്റ്റിക് കുപ്പികൾ കയ്യിലുണ്ടെങ്കിൽ ഫ്ലാറ്റിലും ചീരകൃഷിചെയ്യാം, ഈ രീതി പരീക്ഷിക്കൂ

പ്രതീകാത്മക ചിത്രം
ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ജീവകങ്ങായ എ, സി, കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രാസവളങ്ങൾ ചേർത്ത ചീരയാണ് ഇന്ന് കൂടുതലും വിൽക്കപ്പെടുന്നത്. എന്നാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കൃഷിചെയ്യാൻ സാധിക്കുന്ന ഒന്നാണിത്. പക്ഷെ പലപ്പോഴും കൃഷിചെയ്യാനുള്ള സ്ഥലപരിമിതി കാരണം പലരും പിന്മാറുന്നു. പ്രത്യേകിച്ച് നഗരത്തിൽ ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർ. എന്നാൽ ഈ പ്രശ്നത്തിന് ഒരു മികച്ച പരിഹാരമുണ്ട്. ഇനിമുതൽ വിശാലമായ സ്ഥലമൊന്നും വേണ്ട. പകരം പ്ലാസ്റ്റിക് കുപ്പിയിൽ ചീരകൃഷിചെയ്യാം.
പ്ലാസ്റ്റിക് കുപ്പിയിലെ ചീരകൃഷി
ആദ്യം ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നന്നായി കഴുകി വൃത്തിയാക്കണം. രണ്ടുലിറ്ററിന്റെ കുപ്പികളാണ് ഏറ്റവും അനുയോജ്യം. ശേഷം കുപ്പികളുടെ മുകൾ ഭാഗം മുറിക്കണം. ഇനി കുപ്പിയുടെ അടിഭാഗത്ത് ചെറിയ മൂന്നോ നാലോ തുളകൾ ഇട്ടുകൊടുക്കണം. അധികം വലിയ തുളകളാകാതെ ശ്രദ്ധിക്കണം. ഇനി കുപ്പിയിൽ മണ്ണ് നിറയ്ക്കാം. ചാണകപ്പൊടി, ചകിരിച്ചോറ്, ലഭ്യമെങ്കിൽ മണ്ണിര കമ്പോസ്റ്റ് എന്നിവ ചേർത്ത് മണ്ണ് നന്നായി ഇളക്കി യോജിപ്പിക്കണം. കുറച്ച് വേപ്പിൻ പിണ്ണാക്ക് കൂടി പൊടിച്ചിട്ടാൽ നല്ലതാണ്. കുപ്പിയുടെ ഏകദേശം 80 ശതമാനം വരെ മാത്രമേ മണ്ണിടാൻ പാടുള്ളൂ.
ശേഷം ചീര തൈ നടുകയോ വിത്ത് വിതയ്ക്കുകയോ ചെയ്യാം. ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കണം. വെള്ളം അമിതമായാൽ ചീഞ്ഞുപോകാനുള്ള സാദ്ധ്യതയുണ്ട്. മാത്രമല്ല ഈ രീതിയിൽ കൃഷിചെയ്യുമ്പോൾ ഒരിക്കലും രാസവളം ഉപയോഗിക്കാൻ പാടില്ല. ചെടി വളരുന്ന മുറയ്ക്ക് കുറച്ച് ചാണകപ്പൊടി മുകൾ ഭാഗത്ത് ഇട്ടുകൊടുക്കണം. അത്യാവശ്യം വെയിലുള്ള ഭാഗത്ത് വേണം ഈ രീതിയിൽ കൃഷിചെയ്യാൻ. ഫ്ലാറ്റിലാണെങ്കിൽ ബാൽക്കണിയിൽ കൃഷിചെയ്യാം. പിന്നീട് ചീര വളരുന്നതനുസരിച്ച് വിളവെടുക്കാം. വീണ്ടും ഇതേ കുപ്പിയിൽ കൃഷി തുടരാവുന്നതാണ്.
RELATED TOPICS: SPINACH CULTIVATION, SPINACH FARMING, CHEERA FARMING, AGRICULTURE
News ⏭️


