NEWS
‘കെഎസ്ആർടിസി ഡീലക്സ് ബസിന് അപാകതകൾ ഇല്ലായിരുന്നു; വണ്ടി ഓടിച്ചത് പരിചയ സമ്പന്നനായ ഡ്രൈവർ’

കോഴിക്കോട്∙ ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്കു സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ഡീലക്സ് ബസിന് അപാകതകൾ ഇല്ലായിരുന്നെന്നും പരിചയസമ്പന്നനായ ഡ്രൈവറാണു വണ്ടി ഓടിച്ചതെന്നും ഗതാഗത മന്ത്രി സി.പി.ജോൺ. ഇതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിൽ മരിച്ച കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ ചേവായൂർ നെച്ചോളി മീത്തൽ എൻ.എം. അരുണിന്റെയും (54) താൽക്കാലിക ഡ്രൈവർ കച്ചേരി വെള്ളയിൽ കുന്നത്തുതാഴം വയൽ അജിത നിവാസിൽ മിഥിലേഷിന്റെയും(31) വീടുകൾ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.മരിച്ച ജീവനക്കാരുടെ ബന്ധുക്കൾക്ക് ആശ്രിത നിയമനം നൽകുന്നതിനു ചട്ടം നിലവിൽ ഉണ്ടെങ്കിലും വർഷങ്ങളായി അതു കൊടുത്തിട്ടില്ല. ഇതിൽ ഒരു തീരുമാനം കെഎസ്ആർടിസിയുടെ അടുത്ത ബോർഡ് മീറ്റിങ് കൈക്കൊള്ളും. അപകടങ്ങളിൽ താൽക്കാലിക ജീവനക്കാരൻ മരിച്ചാൽ അവരുടെ ആശ്രിതർക്കും താൽക്കാലികമായ ഒരു തൊഴിൽ നൽകാൻ ശ്രമിക്കും. ഇതര സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾക്കായി പൂർണമായും പുതിയ ബസുകൾ നൽകാൻ നിലവിൽ സാധിക്കില്ലെങ്കിലും നവീകരിച്ച ബസുകൾ ലഭ്യമാക്കുന്നുണ്ട്. പുതിയ നിയമനങ്ങളിൽ കണ്ടക്ടർ കം ഡ്രൈവർ (മൾട്ടി ടാസ്കിങ്) രീതി പരിഗണിക്കും.പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിനു പിഴ ചുമത്തിയ സംഭവം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അധികാര ദുർവിനിയോഗമാണ്. അസാധാരണ പ്രളയ സാഹചര്യത്തിൽ ഇത്തരം നടപടികൾ ഒഴിവാക്കേണ്ടതായിരുന്നു. ആർടിഒമാരുടെ ഒഴിവുകൾ സംബന്ധിച്ച് ചർച്ച നടത്തിയതായും അവ ഉടൻ നികത്തുമെന്നും മന്ത്രി പറഞ്ഞു.
Fashion ⏭️


