TRAVEL

പൊൻമുടിയിൽ ഇനി ബുദ്ധിമുട്ടാതെ എത്താം, വരുന്നു കെഎസ്ആർടിസിയുടെ ഹോളിഡേ ഷട്ടിൽ

വിതുര: വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി റൂട്ടിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായി നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പൊൻമുടിയിലേക്ക് ഹോളിഡേ ഷട്ടിൽ സർവീസ് ആരംഭിച്ചു. തിരക്കേറയുള്ള ശനി, ഞായർ ദിവസങ്ങളിലാണ് ഹോളിഡേ ഷട്ടിൽ സർവീസ് നടത്തുന്നത്.


ഈ സർവീസ് രാവിലെ 6ന് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും ആരംഭിച്ച് 7ന് തിരുവനന്തപുരത്തെത്തും. തുടർന്ന് 7ന് പൊൻമുടിയിലേക്ക് പുറപ്പെടും. 8.40ന് വിതുരയിലെത്തും. 10.15ന് പൊൻമുടിയിലെത്തും.

11.40, 1.30, 3, 4.30 എന്നീ സമയങ്ങളിൽ വിതുരയിൽ നിന്നും പൊൻമുടിയിലേക്ക് പുറപ്പെടും. വൈകിട്ട് 4.30ന് പൊൻമുടിയിൽനിന്നും പുറപ്പെട്ട് വിതുര നെടുമങ്ങാട്, തിരുവനന്തപുരം വഴി രാത്രി 7.30ന് നെയ്യാറ്റിൻകരയിലെത്തും. കഴിഞ്ഞ ദിവസം ഈ സർവീസ് പൊൻമുടിയിൽ നിന്നും വിതുരയിലേക്ക് മടങ്ങവേ അപകടത്തിൽപ്പെട്ടിരുന്നു.

പൊൻമുടി റൂട്ടിൽ നിലനിൽക്കുന്ന യാത്രാക്ളേശം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് പുതിയ സർവീസ് ആരംഭിച്ചത്.


വിതുരയിൽ നിന്നും സർവീസ്

വിതുര ഡിപ്പോയിൽ നിന്നും കഴിഞ്ഞയാഴ്ച മുതൽ പൊൻമുടിയിലേക്ക് ഷട്ടിൽ സർവീസ് ആരംഭിച്ചിരുന്നു. തിരക്കേറെയുള്ള ഞായറാഴ്ചകളിലാണ് സർവീസ് നടത്തുന്നത്. രാവിലെ 8.30ന് നെടുമങ്ങാട് നിന്ന് ആരംഭിക്കുന്ന സർവീസ് 11.50ന് പൊൻമുടിയിലെത്തും. ഉച്ചയ്ക്ക് 1.30, 3.15, 4.40 എന്നിങ്ങനെയാണ് വിതുരയിൽ നിന്ന് പൊൻമുടിയിലേക്കുള്ള സർവീസ്.

പൊൻമുടിയിലേക്ക് ഫാസ്റ്റ് ബസുകളും സർവീസ് നടത്താനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. ഇതിനായി ലിങ്ക് ബസുകൾ സർവീസ് നടത്തും.


തിരുവനന്തപുരം,കോവളം,ആറ്റിങ്ങൽ,വെഞ്ഞാറമൂട്, വർക്കല,കളിയിക്കാവിള, ആര്യനാട്,കാട്ടാക്കട,കൊല്ലം, കൊട്ടാരക്കര,പുനലൂർ,കുളത്തൂപ്പുഴ ഡിപ്പോകളിൽ നിന്ന് പൊൻമുടിയിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്ന കാര്യവും കെ.എസ്.ആർ.ടി.സിയുടെ പരിഗണനയിലുണ്ട്.


തിരക്കോട് തിരക്ക്, സുരക്ഷ അനിവാര്യം

പൊൻമുടിയിൽ ഇന്നലെ വൻതിരക്കാണ് അനുഭവപ്പെട്ടത്. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതോടെ പൊൻമുടിയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. നെയ്യാറ്റിൻകര, നെടുമങ്ങാട്, വിതുര ഡിപ്പോകളിൽനിന്നും പൊൻമുടിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചെങ്കിലും ബസുകളിൽ യാത്രക്കാരെ കുത്തിനിറച്ച് അപകടാവസ്ഥയിലാണ് പ്രീയദ‌ർശിനിയുടെ സഞ്ചാരം. നിലവിൽ 22 ഹെയർപിൻവളവ് താണ്ടിയുള്ള പൊൻമുടി യാത്ര ഏറെ അപകടം നിറഞ്ഞതാണ്.ബസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
RELATED TOPICS: PONMUDI, KSRTC HOLIDAY SHUTTLE, PONMUDI TOURISM, PONMUDI KSRTC, PONMUDI SHUTTLE BUS


Source link

Back to top button