TRAVEL

നാടൻ മത്സ്യങ്ങളുടെ കലവറ, വരാലും വാകയും കാരിയും നെടുമീനുമെല്ലാം ധാരാളം, തേടിയെത്തി ടൂറിസ്റ്റുകളും


polachira paddy field

ചാത്തന്നൂർ: പോളച്ചിറ ഏലായിൽ പുഞ്ചക്കൃഷിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ചിറക്കര ഗ്രാമപഞ്ചായത്ത്. ഏലാ വികസനസമിതി പുന:സംഘടിപ്പിച്ചു. ആലപ്പുഴ പുഞ്ച സ്‌പെഷ്യൽ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ, ജില്ലയിലെ പാടശേഖരമാണ് 1500 ഏക്കറുള്ള പോളച്ചിറ പാടശേഖരം.

വർഷങ്ങളായി കൃഷി മുടങ്ങിക്കിടക്കുന്ന പോളച്ചിറയിൽ വെള്ളം വറ്റിച്ചു മത്സ്യം ലേലം ചെയ്തു കൃഷി നടത്താനാണ് തീരുമാനം. പുഞ്ചപ്പാടത്ത് നെൽകൃഷിയും മത്സ്യകൃഷിയും ഇടവിട്ടാണ് ചെയ്യുന്നത്. നാടൻ മത്സ്യങ്ങളുടെ കലവറയാണ് പോളച്ചിറ. വരാൽ, കൈതക്കോര, വാക, പരൽ, കാരി, കരിമീൻ, ചുണ്ടൻ, നെടുമീൻ തുടങ്ങിയ മത്സ്യങ്ങൾ വാങ്ങാൻ വിദൂര സ്ഥലങ്ങളിൽ നിന്നു വരെ ആളെത്താറുണ്ട്. കുട്ടനാടിനു സമാനമാണ് പോളച്ചിറ. സമുദ്ര നിരപ്പിനേക്കാൾ ഒന്നര മീറ്ററിലേറെ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ അപൂർവം പോക്കാളിപ്പാടങ്ങളിലൊന്നാണിത്. താമര, ആമ്പൽ, കൈത, കണ്ടൽ തുടങ്ങി പലയിനം സസ്യസമ്പത്തും പോളച്ചിറയെ വേറിട്ടുനിറുത്തുന്നു. യാതൊരു വികസന പ്രവർത്തനങ്ങളും എത്തിനോക്കാത്ത അവസ്ഥയിലും ഇവിടേക്ക് വിദേശികളടക്കമുള്ളവർ എത്താറുണ്ട്.

ദേശാടനപ്പക്ഷികളുടെ സങ്കേതം.

ദേശാടനപ്പക്ഷികളുടെ സങ്കേതമാണ് പോളച്ചിറ ഓരോ വർഷവും സൈബീരിയ ഉൾപ്പെടെ ലോകത്തിന്റെ നാനാ കോണുകളിലും നിന്നു നാൽപ്പതിലേറെ ഇനത്തിൽപെട്ട ആയിരക്കണക്കിനു ദേശാടനപ്പക്ഷികൾ ഇവിടെ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോളച്ചിറയുടെ ചുറ്റും 8 കിലോമീറ്ററിലേറെ ദൂരത്തിൽ ചെമ്മണ്ണിലെ ബണ്ട് റോഡിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചു പ്രഭാതസായാഹ്ന സവാരി നടത്താം.

നവംബറിൽ വെള്ളം വറ്റിച്ചു പുഞ്ച കൃഷി ആരംഭിക്കുമ്പോൾ പോളച്ചിറയുടെ സൗന്ദര്യം മറ്റൊരു തലത്തിലേക്ക് മാറും.

വിനോദ സഞ്ചാര മേഖലയായി വികസിപ്പിക്കണമെന്ന് ആവശ്യമാണ് പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നത്.

പ്രസിഡന്റ് ഉല്ലാസ് കൃഷ്ണൻ,

വൈസ് പ്രസിഡന്റ് രമ്യ


Business ⏭️

Back to top button