NEWS

സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ തർക്കം, കൂട്ടയടി; 22 പേർക്ക് സസ്പെൻഷൻ


നാദാപുരം(കോഴിക്കോട്) ∙ നാദാപുരം എംഇടി കോളജിൽ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ ചെറിയ തോതിൽ വെള്ളിയാഴ്ച ആരംഭിച്ച തർക്കം വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞുള്ള സംഘട്ടനത്തിൽ കലാശിച്ചു. ഒട്ടേറെ വിദ്യാർഥികൾക്കു പരുക്കേറ്റു. ഒരു സംഘം പൊലീസ് എത്തി ചൂരൽ പ്രയോഗിച്ചിട്ടും സംഘർഷം നിയന്ത്രിക്കാനാകാതെ വന്നതോടെ കൂടുതൽ പൊലീസ് രംഗത്തെത്തി. ഇതോടെ പരുക്കേറ്റവർ ഉൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെട്ടു. പരുക്കുകളുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചവരും പൊലീസ് ഇടപെടലിനു പിന്നാലെ മുങ്ങി.സംഭവത്തിൽ 22 വിദ്യാർഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ ഡോ.ഷാനിഫ് അറിയിച്ചു. മൂന്നാം വർഷം വിദ്യാർഥികളായ 16 പേരെയും ഒന്നാം വർഷ വിദ്യാർഥികളായ ആറു പേരെയുമാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ പ്രിൻസിപ്പലിനോട് നിർദേശം നൽകിയതായി എംഇടി ചെയർമാൻ യൂനുസ് ഹസൻ പറഞ്ഞു.അതേസമയം, കോളജിലെ സംഘർഷത്തിന്റെ തുടർച്ചയെന്നോണം തൂണേരി പട്ടാണിയിൽ പരസ്പരം ഏറ്റുമുട്ടിയ 10 വിദ്യാർഥികൾക്ക് എതിരെ പൊലീസ് കേസെടുത്തു. കായക്കൊടിയിലെ വി.കെ.പി.മുഹമ്മദ് ഷിസാൻ, വിലാതപുരം കളത്തിൽ മുഹമ്മദ് ജുമാൻ, നാദാപുരം വണ്ണാൻകണ്ടി താഴെ മുഹമ്മദ് ശഹാസ്, ചെറുമോത്ത് പുള്ളച്ചാണ്ടിയിൽ പി.സി.മുഹമ്മദ് സിനാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നേരിട്ട് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. എസ്ഐ കെ.കെ.സുരേഷ് ബാബുവും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 6 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.


Fashion ⏭️

Back to top button