TRAVEL
സ്വന്തം മണ്ണും വീടും ഉപേക്ഷിച്ച ഗ്രാമീണർക്ക്, പ്രിയപ്പെട്ട ദേവാലയത്തെയും ഉപേക്ഷിക്കേണ്ടിവന്നു; ഋതുഭേദങ്ങൾക്ക് മൂകസാക്ഷിയായ പള്ളി

വർഷകാലത്ത് ജലധ്യാനവും വേനലിൽ ഉയിർപ്പും. ഷെട്ടിഹള്ളിയിലെ ഒഴുകുന്ന ദേവാലയം, കാലവും ഋതുക്കളും ചേർന്നൊരുക്കിയ നിശ്ശബ്ദ വിസ്മയമാണ്ഓരോ ദേവാലയവും വിശ്വാസത്തിന്റെ വെട്ടം പേറുന്നു. അവ കാലത്തിന്റെ സ്മാരകങ്ങളുമാണ്. ഉയർന്ന ഗോപുരങ്ങളും വർണച്ചില്ലുകളും പ്രൗഢകമാനങ്ങളുമുള്ള പതിവുകാഴ്ചകളിൽനിന്ന് വ്യത്യസ്തമാണ് കർണാടകയിലെ ഷെട്ടിഹള്ളി റോസറി ചർച്ച്. ഇവിടെ മുഖപ്പൊരുക്കുന്നത് വാസ്തുവല്ല, ഋതുക്കളാണ്. ബേലൂരും ഹലേബീഡുവും കാണാൻ കർണാടകയിലെത്തുന്നവർക്ക് ഷെട്ടിഹള്ളിയിലേക്കും പോകാം. ഫ്‌ലോട്ടിങ് ചർച്ച് (Floating Church) എന്നറിയപ്പെടുന്ന ഷെട്ടിഹള്ളി റോസറി ചർച്ചിന് രൂപഭാവങ്ങൾ രണ്ടുണ്ട്. മഴ കനക്കുമ്പോൾ പള്ളി ആഴങ്ങളിലേക്കമരും. പിന്നെ നീണ്ട ജലധ്യാനം. മഴ മാറി വെയിൽ തെളിയുമ്പോൾ പള്ളിയും പതിയെ വെളിപ്പെടും. തിരുപ്പിറവിപോലൊരു അതിശയക്കാഴ്ച.ഷെട്ടിഹള്ളിഗ്രാമത്തിലെ മനോഹരമായ പള്ളിയുടെ പിറവിയെക്കുറിച്ചുള്ള കഥ തുടങ്ങുന്നത് പത്തൊൻപതാംനൂറ്റാണ്ടിന്റെ മധ്യത്തിലാണ് (1860-കളിൽ). ഫ്രഞ്ച് മിഷനറിമാർ ഹാസനിലെ ഷെട്ടിഹള്ളി എന്ന ഗ്രാമത്തിലെത്തി. അവർ കത്തോലിക്കാ വിശ്വാസികൾക്കായി ഒരു വലിയ പള്ളി പണിയാൻ തീരുമാനിച്ചു. റോമൻ വാസ്തുവിദ്യയുടെ പ്രൗഢി വിളിച്ചോതുന്ന, ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന വലിയ ഗോപുരങ്ങളും കമാനങ്ങളുമുള്ള ദേവാലയം പണിതു. ഗോഥിക് ശൈലിയിലുള്ള മനോഹര നിർമിതി. ദ റോസറി ചർച്ച് എന്ന് പേരുമിട്ടു. ഇഷ്ടികയും മണ്ണും കോഴിമുട്ടയുടെ വെള്ളയും ശർക്കരയും ചേർത്ത പ്രത്യേക മിശ്രിതം ഉപയോഗിച്ചായിരുന്നു നിർമാണമെന്ന് പറയപ്പെടുന്നു. വർഷങ്ങളോളം ഗ്രാമത്തിന്റെ പ്രാർഥനകൾക്കും പെരുന്നാൾ ആരവങ്ങൾക്കും പള്ളി സാക്ഷിയായി.കാലം കടന്നുപോയി. 1960-കളിൽ ഹേമാവതിനദിക്ക് കുറുകെ ഗൊരൂർ അണക്കെട്ട് (Gorur Dam) കെട്ടാൻ സർക്കാർ തീരുമാനിച്ചു. അണക്കെട്ട് വന്നാൽ ഷെട്ടിഹള്ളി ഉൾപ്പെടെ ചുറ്റുമുള്ള ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് ഉറപ്പായി. സ്വന്തം മണ്ണും വീടും ഉപേക്ഷിച്ച ഗ്രാമീണർക്ക്, പ്രിയപ്പെട്ട ദേവാലയത്തെയും ഉപേക്ഷിക്കേണ്ടിവന്നു. മനുഷ്യർ സുരക്ഷിതമായ തുറസ്സുകളിലേക്ക് മാറിപ്പാർത്തു. ആളൊഴിഞ്ഞ ഗ്രാമവും പള്ളിയും ബാക്കിയായി.അണക്കെട്ട് പൂർത്തിയായതോടെ വെള്ളം ഉയർന്നുതുടങ്ങി. പള്ളി പതുക്കപ്പതുക്കെ വെള്ളത്തിനടിയിലായി. എന്നാൽ, കഥ അവിടെ തീർന്നില്ല. വർഷത്തിൽ രണ്ട് രൂപഭാവങ്ങളാണ് പള്ളിക്ക് കാലം സമ്മാനിച്ചത്. വർഷകാലത്ത് ഡാമിൽ വെള്ളം നിറയുമ്പോൾ പള്ളി പൂർണമായും വെള്ളത്തിൽ മുങ്ങും. ഏറ്റവും മുകളിലെ ഗോപുരവും കമാനങ്ങളുടെ അഗ്രവും മാത്രം വെള്ളത്തിന് മുകളിൽ കാണും. പ്രകൃതിക്ക് മുന്നിൽ പ്രാർഥനയോടെ കൈകൂപ്പി നിൽക്കുന്ന രൂപംപോലെ തോന്നിക്കും. വേനൽക്കാലത്ത്, പള്ളി പൂർണരൂപത്തിൽ പുറത്തുവരും. കെട്ടിടത്തിന്റെ മേൽക്കൂര കാലപ്പഴക്കത്താൽ തകർന്നെങ്കിലും, ചുവരുകളും കമാനങ്ങളും ഇന്നും തകരാതെ, തലയുയർത്തിത്തന്നെ നിൽക്കുന്നു.മനുഷ്യനിർമിതികളെ പ്രകൃതി തന്റെ മടിത്തട്ടിലേക്ക് ഏറ്റുവാങ്ങുന്നതിന്റെയും, വേനൽ വരുമ്പോൾ തിരികെ നൽകുന്നതിന്റെയും വിസ്മയക്കാഴ്ചയാണ് ഇന്ന് ഷെട്ടിഹള്ളി. ഒരുകാലത്ത് പ്രാർഥനാമന്ത്രങ്ങൾ ഉയർന്നുകേട്ട അവിടെ ഇന്ന് കാറ്റിന്റെ സംഗീതവും പക്ഷികളുടെ കളകൂജനവും മാത്രം.
Sports ⏭️




