TRAVEL

ലോകത്തെ പേടിപ്പിച്ച രാജ്യം; ബലൂണിലേറി പറക്കാം, പ്രാചീനനഗരവും പ്രകൃതിയും കാണാം


2012 ഡിസംബർ 21-ന് ലോകം അവസാനിക്കുമെന്ന് ഒരു കഥയുണ്ടായിരുന്നു. പത്രങ്ങളും ടെലിവിഷനും ഇന്റർനെറ്റും എമ്പാടും പരിഭ്രാന്തി പടർത്തി. പുസ്തകങ്ങളും സിനിമകളും ചർച്ചകളും പിറന്നു. ഉൽക്കപതിക്കുമെന്നും പ്രളയമുണ്ടാകുമെന്നും ഭൂമി കുലുക്കമുണ്ടാകുമെന്നുമൊക്കെയാണ് പറഞ്ഞുകേട്ടത്. എന്നിട്ടോ? 2026-ൽ ഒരു ലോകതമാശയായി ആ കഥ മാറി. ഒരു പ്രാചീന കലണ്ടർ തെറ്റായി വ്യഖ്യാനിക്കപ്പെട്ടതാണ് എല്ലാത്തിനും കാരണമായത്. മെക്‌സിക്കോയിലെ പ്രാചീന മായൻ സംസ്‌കാരത്തിന്റെ അവശേഷിപ്പായ കലണ്ടറാണ് ലോകത്തെ പേടിപ്പനി പിടിപ്പിച്ചത്. ഏകദേശം 2000 ബിസിയിലാണ് മായൻ സംസ്‌കാരം ഉയർന്നുവന്നത്. അവർ ശക്തമായ നഗരങ്ങൾ പണിതു. നക്ഷത്രങ്ങളുടെ രഹസ്യങ്ങളും ഗണിതശാസ്ത്രവും പഠിച്ചു, എഴുത്ത് വികസിപ്പിച്ചു. ഒമ്പതാം നൂറ്റാണ്ടോടെ ആ സംസ്‌കാരം തകർന്നടിഞ്ഞു. വരൾച്ച, യുദ്ധം, രാഷ്ട്രീയപ്രശ്‌നങ്ങൾ എന്നിവയാകാം കാരണങ്ങൾ എന്നാണ് നിഗമനം. മായൻ ജനതയുടെ ലക്ഷക്കണക്കിന് വരുന്ന പിൻഗാമികൾ ഇപ്പോഴും ഈ പ്രദേശത്ത് ജീവിക്കുന്നു. തനത് ഭാഷയും പാരമ്പര്യങ്ങളും സംരക്ഷിക്കാൻ വർത്തമാനത്തോട് പൊരുതുകയാണവർ.മെക്‌സിക്കൻ കല ലോകപ്രശസ്തമാണ്. ചുമർചിത്രങ്ങൾ, നാടോടി കരകൗശല വസ്തുക്കൾ, സംഗീതം, നൃത്തം എന്നിവ ഇവിടുത്തുകാർക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. മരിച്ചുപോയ പ്രിയപ്പെട്ടവരെ അനുസ്മരിക്കുന്ന ‘ഡേ ഓഫ് ദി ഡെഡ്’ ആണ് ഏറ്റവും പ്രശസ്തമായ ആഘോഷം. ടാക്കോസ്, ടമാലേസ്, മോൾ… വൈവിധ്യത്തിന്റെ രുചിക്കൂട്ടുകൾ വിളമ്പുന്നു, മെക്‌സിക്കൻ അടുക്കളകൾ. പുകരുചിയുള്ള പരമ്പരാഗത സ്പിരിറ്റായ മെസ്‌കൽ മെക്‌സിക്കോയുടെ ആഘോഷങ്ങൾക്ക് കൊഴുപ്പേകുന്നു. ഇവിടുത്തെ ടെക്കീലകളും പ്രശസ്തമാണ്.ചിചൻ ഇറ്റ്‌സ എന്ന പുരാതന മായൻ നഗരം കാണാൻ ലഠക്ഷക്കണക്കിനുപേരാണ് പ്രതിവർഷം മെക്‌സിക്കോയിലെത്തുന്നത്. ഇത് ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നുകൂടിയാണ്. കാൻകൂണും ടുലൂമും വെളുത്ത മണൽ ബീച്ചുകളും തെളിഞ്ഞ നീല ജലാശയങ്ങളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. എല്ലാ നവംബറിലും ലിയോണിലെ അന്താരാഷ്ട്ര ബലൂൺ ഫെസ്റ്റിവൽ അരങ്ങേറും. നൂറുകണക്കിന് വർണ്ണാഭമായ ഹോട്ട് എയർ ബലൂണുകൾ ആകാശം മൂടും. ലോകമെങ്ങുമുള്ള പ്രകൃതിസ്‌നേഹികൾ കോപ്പർ കാന്യൺ, ഗുവാനാജുവാത്തോ, സാൻ മിഗ്വേൽ ഡി അലെൻഡെ എന്നിവിടങ്ങൾ സന്ദർശിക്കാനായി മെക്‌സിക്കോയിലേക്ക് ഒഴുകാറുണ്ട്.ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ സിനിമാവ്യവസായങ്ങളിൽ ഒന്നാണ് മെക്‌സിക്കോയുടേത്. അന്താരാഷ്ട്ര തലത്തിൽ പ്രശംസ നേടിയ നടന്മാരെയും സംവിധായകരെയും ചിത്രങ്ങളെയും മെക്‌സിക്കോ സംഭാവന ചെയ്തിട്ടുണ്ട്. ബോളിവുഡ് ചിത്രമായ ‘കൈറ്റ്‌സ്’ (2010) ൽ ഹൃത്വിക് റോഷന്റെ നായിക അഭിനയിച്ചത് മെക്‌സിക്കൻ നടിയായ ബാർബറ മോറിയാണ്. 2017ൽ ‘3 ഇഡിയറ്റ്‌സ്’ എന്ന ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ 3 ഇഡിയറ്റാസ്’ ആയി മെക്‌സിക്കോയിൽ പുനർനിർമ്മിക്കപ്പെട്ടിരുന്നു.ഫെഡറൽ റിപ്പബ്ലിക്ക് ഭരണക്രമം പിന്തുടരുന്ന രാജ്യത്തിൽ പ്രസിഡന്റാണ് രാഷ്ട്രത്തിന്റെയും ഭരണകൂടത്തിന്റെയും തലവൻ. 32 സംസ്ഥാനങ്ങളിലും ജനാധിപത്യ രാഷ്ട്രീയസംവിധാനമാണ് പിന്തുടരുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നുകൂടിയാണ് മെക്‌സിക്കോ. ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്‌സ്, എണ്ണ, ടൂറിസം, വ്യാപാരം എന്നിവ രാഷ്ട്രവളർച്ചയ്ക്ക് അടിത്തറയാകുന്നു. അയൽരാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആണ് മെക്‌സിക്കോയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മെക്‌സിക്കോയുമായുള്ള അതിർത്തിയിൽ മതിൽകെട്ടാൻ ശ്രമിച്ചത് വലിയ വാർത്തയായിരുന്നു. അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കടത്ത്, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവ കുറയ്ക്കാനുള്ള പോംവഴിയായാണ് ട്രംപ് മതിൽകെട്ടൽ മുന്നോട്ടുവെച്ചത്. ചെലവേറിയ പദ്ധതി അനധികൃതകുടിയേറ്റം തടയാൻ സഹായിക്കില്ലെന്ന് എതിർവാദമുണ്ടെങ്കിലും യു.എസ് മുന്നോട്ടുപോകുകയാണ്. 


Source link

Back to top button