NEWS

വേണം,​ പുതിയ കായിക സംസ്കാരം

ഇന്ന് സംസ്ഥാന കായികദിനം

………………………………………………………….

കായികകേരളത്തിന്റെ രാജശിൽപ്പി ജി.വി.രാജയുടെ 118-ാം ജന്മവാർഷികത്തിൽ നമ്മുടെ കായികരംഗത്തിന്റെ സമകാലീന സ്ഥിതിവിവരങ്ങൾ ഒട്ടും പ്രചോദനാത്മകമല്ലല്ലോ എന്ന സങ്കടമുണ്ട്. കഴിഞ്ഞദിവസം ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീല വീണ 20-ാമത് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ,​ വിശിഷ്യാ കേരളത്തിന്റെ പ്രകടനം വിലയിരുത്തുമ്പോൾ ആശകൾക്ക് മേലേ ആശങ്കകളുടെ കാർമേഘങ്ങളാണ് ഉരുണ്ടുകൂടുന്നതെന്ന് പറയാതെവയ്യ.

കഴിഞ്ഞ ഗെയിംസിൽ പി.ആർ.ശ്രീജേഷ്, മിന്നുമണി, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ് എന്നീ മലയാളിതാരങ്ങൾ സ്വർണം നേടിയിരുന്നെങ്കിൽ ഇത്തവണ സ്വർണനേട്ടം സഞ്ജു സാംസണിൽ ഒതുങ്ങിയത് കേരളത്തിന്റെ കായികമേഖലയെ സംബന്ധിച്ച ഗൗരവവിലയിരുത്തൽ ആവശ്യപ്പെടുന്നു. പ്രതിഭകളെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും ദേശീയ-അന്തർദ്ദേശീയ തലങ്ങളിലേക്ക് എത്തിക്കുന്നതിലുമുള്ള നമ്മുടെ പരിമിതികളെക്കുറിച്ചുള്ള ചർച്ചയ്ക്ക് മെഡൽ നേട്ടത്തിലെ ഈ കുറവ് വഴിയൊരുക്കണം.

അത്‌‌ലറ്റിക്സിൽ കേരളം ഒരുകാലത്ത് രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയിരുന്നു. എന്നാൽ, സമീപകാലത്ത് ദേശീയ ക്യാമ്പുകളിലേക്കും ദേശീയ ടീമുകളിലേക്കും മലയാളികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് ആശങ്കാജനകമാണ്. ദേശീയ ഗെയിംസിൽ പോലും അത്‌ലറ്റിക്സിലെ എല്ലാ ഇനങ്ങളിലും കളിക്കാരെ ഇറക്കാൻ കേരളത്തിനാകുന്നില്ല.

തുടങ്ങേണ്ടത്

സ്കൂൾ തലത്തിൽ

കേരളത്തിന്റെ കായികമേഖലയെ സമഗ്രമായി ശക്തിപ്പെടുത്തണമെങ്കിൽ സ്കൂൾ, കോളേജ് തലങ്ങളിൽ കായിക വിദ്യാഭ്യാസവും കായികശാസ്ത്രവും ഒരേ പ്രാധാന്യത്തോടെ നടപ്പിലാക്കണം.

നിലവിൽ പല സ്കൂളുകളിലും കായികാദ്ധ്യാപകരില്ല. ഒഴിവുകൾ നികത്തുകയും സിലബസ് വ്യത്യാസം പരിഗണിക്കാതെ എല്ലാ കുട്ടികൾക്കും ഒരേ വേദിയിൽ മാറ്റുരയ്ക്കാനുള്ള അവസരമൊരുക്കുകയും ചെയ്യണം.

നിലവിലെ ഗ്രേസ് മാർക്ക് സംവിധാനം പുന:പരിശോധിച്ച്, സംസ്ഥാന-ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിക്കുന്ന കായികതാരങ്ങൾക്ക് കൂടുതൽ ഗ്രേസ് മാർക്ക് ലഭ്യമാക്കണം. വിദ്യാഭ്യാസവും കായികപരിശീലനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാവണം.

സംഘടനകളുടെ പ്രസക്തി

പ്രതിഭകളെ കണ്ടെത്തുന്നതിലും ജില്ലാ-സംസ്ഥാന തലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നത് കായികസംഘടനകളാണ്. എന്നാൽ കായികഇനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ കായിക സംഘടനകളാണിന്ന്. സംഘടനകളുടെ പ്രവർത്തനക്ഷമതയും മത്സരങ്ങളുടെ നിലവാരവും ഒരുപോലെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഓരോ കായിക സംഘടനയുടെയും പ്രവർത്തനം, അംഗത്വം, ജില്ലാ യൂണിറ്റുകളുടെ സജീവത, പരിശീലന സംവിധാനങ്ങൾ, മത്സരപങ്കാളിത്തം, ദേശീയതലത്തിലേക്ക് താരങ്ങളെ സംഭാവന ചെയ്യുന്നതിനുള്ള ശേഷി എന്നിവ വിലയിരുത്തണം. പ്രവർത്തനത്തിൽ പിന്നാക്കം നിൽക്കുന്ന സംഘടനകളെ ശക്തിപ്പെടുത്തുന്നതിനായി സമയബന്ധിതമായ പദ്ധതികൾ നടപ്പാക്കണം.

നമ്മൾ ചെയ്യേണ്ടത്

സ്പോർട്സിനെ പിന്നാമ്പുറത്തേക്ക് മാറ്റിനിറുത്താതെ മുഖ്യപരിഗണന നൽകേണ്ട,​ ഒന്നായിക്കണ്ടുള്ള കർമ്മപദ്ധതികളുടെ രൂപീകരണവും കൃത്യമായ ആവിഷ്കരണവുമാണ് അനിവാര്യം. സ്കൂൾതലം മുതൽ സ്പോർട്സിന് അർഹമായ പ്രാധാന്യം ലഭിക്കുന്ന കായിക സംസ്കാരം വളർത്തിയെടുക്കണം. കേരളത്തിന് കൂടുതൽ നേട്ടം കൈവരിക്കാൻ കഴിയുന്ന മേഖലകളെ തിരിച്ചറിഞ്ഞ് മുൻഗണന നൽകണം.

(കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാണ് ലേഖകൻ)​

Read News ⏭️

Back to top button