TRAVEL
മൈക്കിൾ ജാക്സന്റെ ആ വീട് 2700 ഏക്കറിലായിരുന്നു; റൈഡുകളും വെള്ളച്ചാട്ടവും സഞ്ചരിക്കാൻ തീവണ്ടികളും

2009-ൽ മരിക്കുമ്പോൾ വൻ കടബാധ്യത അവശേഷിപ്പിച്ചുകൊണ്ടാണ് പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ കടന്നുപോയത്. ആ സമയത്ത് 450 മില്യൺ ഡോളർ ആയിരുന്നുവത്രേ അദ്ദേഹത്തിന്റെ കടം. എന്നാൽ, മരിച്ചശേഷം മ്യൂസിക് റൈറ്റ്സ് ആയും മറ്റും പണം ഒഴുകിയെത്തി. കടത്തിലായിരുന്നുവെങ്കിലും, ജാക്സണ് വലിയൊരു എസ്റ്റേറ്റുണ്ടായിരുന്നു. കാലിഫോർണിയയിൽ 2,700 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റാണ് ഉണ്ടായിരുന്നത്.ഒരു സെലിബ്രിറ്റി വീടായിട്ടാണ് ആദ്യം തുടങ്ങിയത്. പിന്നീടത് വലിയൊരു ഫാന്റസി വേൾഡായി മാറി. അമ്യൂസ്മെന്റ് റൈഡുകൾ, മൃഗശാല, റെയിൽവേ ട്രാക്ക്, സിനിമാ തിയേറ്റർ എന്നിവയെല്ലാം അതിലുൾപ്പെടുന്നു. ‘നെവർലാൻഡ് റാഞ്ച്’ എന്നാണത് അറിയപ്പെട്ടത്.വില്യം ബോൺ എന്നൊരാളുടേതായിരുന്നു ആദ്യം ഇത്. വലിയൊരു വീട്, മനോഹരമായ പൂന്തോട്ടം, കൽപ്പാലം, വെള്ളച്ചാട്ടം ഉൾപ്പെട്ട വലിയൊരു തടാകം എന്നിവയാണ് ഇതിലുണ്ടായിരുന്നത്. ഒരിക്കൽ പ്രസിദ്ധ സംഗീതജ്ഞനായ പോൾ മെക്കാർട്ട്നി അവിടെ താമസിക്കാനെത്തി. അദ്ദേഹത്തെ കാണാൻ ജാക്സൺ അങ്ങോട്ടേക്ക് പോയി. അഞ്ചുവർഷത്തിനുശേഷം അദ്ദേഹം അത് സ്വന്തമാക്കുകയും ചെയ്തു. പിന്നീട് എസ്റ്റേറ്റ് അടിമുടി മാറുന്നതാണ് ലോകം മുഴുവൻ കണ്ടത്.ജെ.എം ബാരിയുടെ കഥയിലെ സാങ്കൽപികദ്വീപാണ് നെവർലാൻഡ്. ഇവിടെയുള്ള കുട്ടികൾ ഒരിക്കലും വളരില്ലെന്നതാണ് ഈ നെവർലാൻഡിന്റെ പ്രത്യേകത. അങ്ങനെയാണ് തന്റെ എസ്റ്റേറ്റിന് ജാക്സൺ ഈ പേര് നൽകുന്നത്. എസ്റ്റേറ്റിലെ വിശാലമായ കൃഷിസ്ഥലം മാറ്റിമറിച്ച് തീം പാർക്ക് പോലെ ഒരുക്കാൻ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. അതിനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്.സിനിമാ തിയേറ്റർ, തടാകം, റെയിൽവേ സ്റ്റേഷൻ, അമ്യൂസ്മെന്റ് പാർക്ക് എന്നിവയെല്ലാം നിർമിക്കപ്പെട്ടു. ഒട്ടേറെ റൈഡുകളും അവിടെയൊരുക്കി. മൃഗങ്ങളെ നേരിട്ട് കാണാനും തൊടാനും കഴിയുന്ന മൃഗശാലയും. വിശാലമായ ഈ എസ്റ്റേറ്റിലുടനീളം സഞ്ചരിക്കുന്ന റെയിൽവേ സംവിധാനവും വൈകാതെ നിർമിച്ചു. മൂന്ന് പാതകളാണുണ്ടായിരുന്നത്. തന്റെ കുട്ടികൾക്ക് സഞ്ചരിക്കാനായി ഒരു പ്രൈവറ്റ് ഇലക്ട്രിക് ട്രെയിനും ജാക്സൺ വാങ്ങി. അവിടുത്തെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്ന് ജാക്സന്റെ അമ്മയുടെ പേര് നൽകിയിരുന്ന ‘കാതറിൻ സ്റ്റേഷൻ’ ആയിരുന്നു; അവിടെ വലിയ പൂക്കൾകൊണ്ടുള്ള ക്ലോക്കുമുണ്ടായിരുന്നു.അതിനിടെ ജാക്സണെതിരെ കേസുകൾ വന്നു. വിചാരണയ്ക്കായി അദ്ദേഹത്തെ കൊണ്ടുപോവുകയും ചെയ്തു. അതിനുശേഷം അദ്ദേഹം ഒരിക്കൽപ്പോലും നെവർലാൻഡിലേക്ക് തിരിച്ചുവന്നില്ല. അദ്ദേഹത്തിന്റെ മരണത്തോടെ, ആ എസ്റ്റേറ്റിനെയും സാമ്പത്തികപ്രതിസന്ധികൾ ബാധിച്ചു.
Sports ⏭️


