കൊല്ലത്തുനിന്നു ഗോവയിലേക്ക്; ഒറ്റയ്ക്കു ട്രെയിൻ കയറിയ 12 വയസ്സുകാരനെ ആർപിഎഫ് രക്ഷിച്ചത് കൗതുകകരമായ ഇടപെടലിലൂടെ

കൊല്ലം∙ കൊല്ലത്തുനിന്ന് കാണാതായ ഏബ്രഹാം ഓറോൺ (12) എന്ന ബംഗാൾ സ്വദേശിയായ ബാലനെ ഗോവയിലെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. റെയിൽവേ സംരക്ഷണ സേനയുടെ (ആർപിഎഫ്) നേതൃത്വത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറുകയായിരുന്നു. കഴിഞ്ഞ 22-ാം തീയതി വൈകുന്നേരമാണ് കുട്ടിയെ കൊല്ലത്തുനിന്ന് കാണാതായത്. 23-ാം തീയതി രാത്രിയോടെ ഗോവയിലെ റെയിൽവേ സ്റ്റേഷനിൽ വെച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു. സിഡബ്ല്യുസിയുടെ സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെ ഇപ്പോൾ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
ഒറ്റയ്ക്ക് ട്രെയിനിൽ യാത്ര ചെയ്ത കുട്ടിയെ കണ്ട് സംശയം തോന്നിയതിനെത്തുടർന്നാണ് ആർപിഎഫ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് സിഡബ്ല്യുസിയെ ഏൽപ്പിച്ചത്. തുടർന്ന് ഗോവ കെഎംസിസി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയും കാസർകോട് സ്വദേശിയുമായ ഹംസ സാഗറുമായി ഇവർ ബന്ധപ്പെടുകയും കേരളത്തിലെ കാണാതാകൽ കേസുകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കേരളത്തിൽ നിന്നും നിരവധി കുട്ടികൾ വീടുവിട്ട് ഗോവയിലെത്തുന്നത് തുടർക്കഥയാണെന്ന് ഹംസ സാഗർ മനോരമ ഓൺലൈനിനോട് വ്യക്തമാക്കി.
കൊല്ലം പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാളി ദമ്പതികളുടെ മകനാണ് ഏബ്രഹാം ഓറോൺ. കൊല്ലത്തെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഈ ബാലൻ. കഴിഞ്ഞ വ്യാഴാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ ഉടൻ തന്നെ സ്വന്തം സൈക്കിളുമായി പുറത്തേക്ക് പോയതായിരുന്നു കുട്ടി. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. കുട്ടി ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാകുമെന്ന നിഗമനത്തിൽ ആർപിഎഫും പോലീസും തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു.




