TRAVEL

പാശുപതാസ്ത്രം നേടാനായി അർജുനൻ തപസ്സു ചെയ്തു; നൂറ്റാണ്ടുകളുടെ കഥ പറയുന്ന കൽപ്പത്തൂരിടം


കോഴിക്കോട് മേപ്പയ്യൂരിനടുത്തുള്ള കൽപ്പത്തൂർ ഗ്രാമം. ശാന്തവും ഹരിതാഭവുമായ പ്രകൃതി. ആ പച്ചപ്പിന് നടുവിലാണ് നൂറ്റാണ്ടുകളുടെ പഴമയും ഐതിഹ്യവും പേറുന്ന കൽപ്പത്തൂർ ശ്രീ പരദേവതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ദേവഭൂമിയിലേക്ക് കാൽവെക്കുമ്പോൾ കേട്ടുമറന്ന ദൈവകഥകളുടെ മന്ത്രധ്വനികൾ കാതിൽ അലയടിക്കും. ചരിത്രവും കലയും ആത്മീയതയും ഒത്തുചേരുന്ന ശില്പചാരുത നിറഞ്ഞ ക്ഷേത്രം.കാഴ്ചകളുടെ പൂമുഖംകനാലിനരികിലെ റോഡിൽ നിന്നും താഴേക്ക് കണ്ണോടിച്ചാൽ പച്ചപുതച്ച ക്ഷേത്രാങ്കണത്തിന്റെ അതിമനോഹരമായ ദൃശ്യം കാണാം. ക്ഷേത്രമുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ, ഇരുവശത്തുമായി തലയുയർത്തി നിൽക്കുന്ന രണ്ട് വലിയ കൽവിളക്കുകൾ. പടിഞ്ഞാറേ നടയിലാണ് പ്രധാന കവാടമെങ്കിലും ക്ഷേത്രത്തിന് പിന്നിലായുള്ള പ്രൗഢഗംഭീരമായ പടിപ്പുരയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഈ പടിപ്പുരയുടെ മച്ചിൽ നൂറ്റാണ്ടുകളുടെ കഥകളൊളിഞ്ഞിരിക്കുന്നു. വാസ്തുവിദ്യയുടെ വിസ്മയങ്ങൾ ഒളിപ്പിച്ച പുരാണകഥകൾ. സീതാകല്യാണവും രുക്മിണീ സ്വയംവരവും രാമായണ മഹാഭാരത കഥകളുമൊക്കെ തടിയിൽ കൊത്തിവെച്ചിരിക്കുന്നു.ചുറ്റമ്പലത്തിനുള്ളിലേക്ക് കടക്കുമ്പോൾ ബലിക്കൽപ്പുരയിലും കൊത്തുപണികൾ കാണാം. അവയിൽ ക്ഷേത്രപ്രതിഷ്ഠയുടെ ഐതിഹ്യങ്ങളും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.അപൂർവം ദാരുവിഗ്രഹംകേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂർവമായി കാണാറുള്ള ദാരുബിംബമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പാശുപതാസ്ത്രം നേടാനായി അർജുനൻ തപസ്സു ചെയ്തപ്പോൾ, അദ്ദേഹത്തെ പരീക്ഷിക്കാൻ മഹാദേവൻ കാട്ടാളരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ആ ‘കിരാതമൂർത്തി’ സങ്കല്പമാണ് ഈ ദാരുവിഗ്രഹം. ലോഹങ്ങളോ ശിലകളോ ഉപയോഗിക്കാതെ വൃക്ഷത്തടിയിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. കിരാതമൂർത്തിയുടെ തലയിൽ ഗംഗയെ കണ്ട് അത് മഹാദേവനാണെന്ന് മനസ്സിലാക്കി അദ്ദേഹത്തെ വണങ്ങിയ അർജുനന് പാശുപതാസ്ത്രം വരമായി കിട്ടിയെന്നാണ് ഐതിഹ്യം. ഈ കഥ ബലിക്കൽപ്പുരയിൽ കൊത്തിവെച്ചിട്ടുണ്ട്.


Sports ⏭️

Back to top button