കേരളത്തിലെ ഗതാഗതക്കുരുക്ക്: ടൂവീലറുകൾ മുതൽ ലോറികൾ വരെയുള്ള പ്രതിസന്ധികളും പരിഹാരങ്ങളും

യാത്രകളിലെന്നപോലെ ജീവിതത്തിലെ ഓരോ ചുവടുവെപ്പിലും ശരിയായ വഴി കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഭൂമി വാങ്ങി വീടോ മറ്റ് കെട്ടിടങ്ങളോ നിർമിക്കാൻ ഉദ്ദേശിക്കുമ്പോൾ വഴിയുടെ വീതിക്ക് നൽകേണ്ട പ്രാധാന്യം പലരും വിസ്മരിക്കുന്നു. കേവലം ഒരു വഴി ഉണ്ടോ എന്ന് നോക്കുന്നത് പോരാ, നിർമിക്കാൻ പോകുന്ന കെട്ടിടത്തിന്റെ സ്വഭാവവും വിസ്തീർണവും അനുസരിച്ച് കെട്ടിട നിർമാണ ചട്ടങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്നുണ്ട്. നടക്കാനുള്ള വഴിയോ, ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാവുന്ന വഴിയോ, കാർ അല്ലെങ്കിൽ ലോറി കയറാവുന്ന വഴിയോ എന്നിങ്ങനെ നാട്ടുനടപ്പിൽ നമ്മൾ പലതും പറയാറുണ്ടെങ്കിലും നിയമപരമായി ഇവയ്ക്കെല്ലാം കൃത്യമായ അളവുകളുണ്ട്. ഇക്കാര്യത്തിൽ ജാഗ്രതയില്ലാത്തത് പിന്നീട് വലിയ സാമ്പത്തിക നഷ്ടത്തിനും നിയമക്കുരുക്കുകൾക്കും കാരണമാകും. ബ്രോക്കർമാരുടെ വാക്കുകൾ മാത്രം വിശ്വസിച്ച് സ്ഥലം വാങ്ങി കെട്ടിട നിർമാണാനുമതിക്കായി തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കുമ്പോഴാണ് പലരും ഈ ചതിക്കുഴികൾ തിരിച്ചറിയുന്നത്. ഒരു നടപ്പുവഴി പോലുമില്ലാത്ത പ്ലോട്ടിൽ നിർമാണാനുമതി ലഭിക്കുക അസാധ്യമാണ്. അതിനാൽ ഭൂമി വാങ്ങുന്നതിന് മുൻപ് KPBR / KMBR ചട്ടം 28-ലെ വ്യവസ്ഥകൾ കൃത്യമായി പരിശോധിക്കണം.
ചട്ടപ്രകാരം 300 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള ഒറ്റ വീടുകൾക്ക് നടക്കാനുള്ള വഴിയുണ്ടെങ്കിൽ തന്നെ മതിയാകും. എന്നാൽ, ഒരു കെട്ടിടത്തിൽ ഒന്നിലധികം യൂണിറ്റുകൾ ഉണ്ടെങ്കിൽ നിയമം മാറുന്നു. 300 ചതുരശ്ര മീറ്റർ വരെ 1.20 മീറ്ററും, 300 മുതൽ 600 വരെ 2 മീറ്ററും, 600 മുതൽ 1000 ചതുരശ്ര മീറ്റർ വരെ 3 മീറ്ററും വീതിയുള്ള വഴി ആവശ്യമാണ്. അപ്പാർട്ട്മെന്റുകളോ ഫ്ലാറ്റുകളോ ആണെങ്കിൽ 1000 മുതൽ 4000 ചതുരശ്ര മീറ്റർ വരെ 3.60 മീറ്റർ വീതിയുള്ള വഴി നിർബന്ധമാണ്.
വാണിജ്യ-വിദ്യാഭ്യാസ-മെഡിക്കൽ ആവശ്യങ്ങൾക്കായി നിർമിക്കുന്ന കെട്ടിടങ്ങളുടെ (ക്ലിനിക്കുകൾ, ഓഫീസുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ) കാര്യത്തിലും ഇതേ കർശന നിബന്ധനകളുണ്ട്. 300 ചതുരശ്ര മീറ്റർ വരെ 1.2 മീറ്ററും, 300-1000 വരെ 3 മീറ്ററും, 1000-1500 വരെ 3.60 മീറ്ററും വീതി വേണം. 1500 മുതൽ 6000 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് വഴിയുടെ വീതി കുറഞ്ഞത് 5 മീറ്റർ ഉണ്ടായിരിക്കണം.
വ്യവസായ കെട്ടിടങ്ങൾക്കും (അസംസ്കൃത വസ്തുക്കളെ മറ്റൊരു ഉൽപ്പന്നമാക്കുന്ന ചെറിയ നിർമാണ യൂണിറ്റുകൾ മുതൽ വലിയ ഫാക്ടറികൾ വരെ ഇതിൽ ഉൾപ്പെടും) പ്രത്യേക മാനദണ്ഡങ്ങളുണ്ട്. ഇത്തരം നിർമാണങ്ങൾക്ക് വഴിക്ക് 3 മീറ്ററിൽ കുറയാത്ത വീതി വേണം. 300-1500 ചതുരശ്ര മീറ്റർ വിസ്തീർണമാണെങ്കിൽ 3.60 മീറ്ററും, 1500-6000 ചതുരശ്ര മീറ്റർ ആണെങ്കിൽ 5 മീറ്ററും വീതി ഉണ്ടായിരിക്കണം. വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന ഗ്യാരേജുകൾ, വാഷിങ് സ്റ്റേഷനുകൾ, സർവീസ് വർക്ക് ഷോപ്പുകൾ എന്നിവയ്ക്ക് വിസ്തീർണം പരിഗണിക്കാതെ 7 മീറ്റർ വീതിയുള്ള വഴി നിർബന്ധമാണ്. അപകടകരമല്ലാത്ത സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾക്ക് 300 ചതുരശ്ര മീറ്റർ വരെ 1.20 മീറ്റർ വീതിയുള്ള വഴി മതിയെങ്കിലും, വിസ്തീർണം കൂടിയാൽ അത് നേരെ 7 മീറ്ററായി വർധിക്കും.
കെട്ടിടങ്ങളിൽ പാർക്കിങ് സൗകര്യം ഒരുക്കുന്നുണ്ടെങ്കിൽ പ്ലോട്ടിനുള്ളിലെ ഡ്രൈവ് വേയ്ക്ക് കുറഞ്ഞത് 3 മീറ്റർ വീതി വേണം. നിശ്ചിത വിസ്തീർണത്തിന് മുകളിലുള്ള മിക്ക കെട്ടിടങ്ങൾക്കും പാർക്കിങ് നിർബന്ധവുമാണ്. വഴിയുടെ വീതി മാത്രമല്ല, ഉയരവും നിയമപരമായ പരിധിയിലാവണം; അത്തരം വഴികളിൽ 5 മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് ഉറപ്പാക്കേണ്ടതുണ്ട്. എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകൾ അനുവദിക്കാറുണ്ട്. ഉദാഹരണത്തിന്, 8 യൂണിറ്റ് വരെയുള്ള ഫ്ലാറ്റുകളിൽ ഡ്രൈവ് വേയുടെ വീതി 2.40 മീറ്റർ ആയാൽ മതിയാകും. അതുപോലെ, റോഡിലെ ചെറിയ അളവ് കുറവുകൾ പരിഹരിക്കാൻ നിശ്ചിത മാനദണ്ഡങ്ങളോടെ 20 സെന്റീമീറ്റർ വരെയുള്ള ഇളവുകൾ അനുവദിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ ഓർക്കുക, ഈ കണക്കുകളെല്ലാം പ്ലോട്ടിലേക്കുള്ള പ്രവേശന കവാടത്തിന്റെ വീതിയല്ല, മറിച്ച് പ്രധാന റോഡിൽ നിന്നും നിങ്ങളുടെ പ്ലോട്ട് വരെ എത്തുന്ന മൊത്തം റോഡിന്റെ വീതിയാണ്.
***ലേഖകൻ തദ്ദേശ സ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിൽ ഓവർസിയറാണ്. email- jubeeshmv@gmail.com




