ഉപ്പിലെ അമിത ഉപയോഗം കുറച്ചാൽ ഇന്ത്യയിൽ രക്ഷിക്കാനാവുന്നത് നാല് ലക്ഷം ജീവനുകൾ: പുതിയ പഠനം

പ്രതീകാത്മക ചിത്രം
നാം നിത്യജീവിതത്തിൽ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഉപ്പിന്റെ തരത്തിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മാത്രം ഇന്ത്യയിൽ പ്രതിവർഷം നാല് ലക്ഷത്തോളം മരണങ്ങൾ ഒഴിവാക്കാനും, ഹൃദയസംബന്ധമായതും വൃക്കയുമായി ബന്ധപ്പെട്ടതുമായ 15 ലക്ഷത്തോളം പുതിയ രോഗാവസ്ഥകൾ തടയാനും കഴിയുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ഉപ്പിന് പകരമായി പൊട്ടാസ്യം അടങ്ങിയ ഉപ്പ് തിരഞ്ഞെടുക്കണമെന്നാണ് ഈ ഗവേഷണം നിർദ്ദേശിക്കുന്നത്. സോഡിയത്തിന്റെ അളവ് കുറഞ്ഞ ഉപ്പ് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ‘നേച്ചർ ഹെൽത്ത്’ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഉപ്പ് ഉപയോഗത്തിലെ ഈ ചെറിയ വ്യത്യാസം ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, പക്ഷാഘാതം തുടങ്ങിയ മാരക രോഗങ്ങളിൽ നിന്ന് വലിയൊരു ശതമാനം ആളുകൾക്ക് സംരക്ഷണം നൽകുമെന്ന് ദി ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടുമുള്ള 193 രാജ്യങ്ങളിൽ നടത്തിയ സമഗ്രമായ പഠനമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. വീടുകളിലെ പാചകത്തിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന ഉപ്പിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതിലൂടെ ആഗോളതലത്തിൽ വർഷംതോറും 18.5 ലക്ഷം മരണങ്ങളും, വൃക്ക-ഹൃദയ രോഗങ്ങളുമായി ബന്ധപ്പെട്ട 61.9 ലക്ഷത്തോളം പുതിയ ആരോഗ്യപ്രശ്നങ്ങളും തടയാനാകുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഹോട്ടലുകളിലെയും ഫാസ്റ്റ് ഫുഡ് പോലുള്ള സംസ്കരിച്ച ഭക്ഷണങ്ങളിലെയും ഉപ്പിൽ ഈ മാറ്റം കൊണ്ടുവരികയാണെങ്കിൽ ലോകത്താകമാനം ഏകദേശം മുപ്പത് ലക്ഷത്തോളം ജീവനുകൾ സുരക്ഷിതമാക്കാൻ സാധിക്കുമെന്ന് പഠനം അടിവരയിടുന്നു. ശരീരത്തിൽ സോഡിയത്തിന്റെ അമിതമായ സാന്നിധ്യവും പൊട്ടാസ്യത്തിന്റെ കുറവും രക്തസമ്മർദ്ദം ക്രമാതീതമായി കൂടാൻ ഇടയാക്കുന്നു. പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗങ്ങൾ എന്നിവയ്ക്ക് വഴിവെക്കുന്ന പ്രധാന വില്ലൻ ഉയർന്ന രക്തസമ്മർദ്ദമാണെന്നും പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു.




