മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം, ചെറിയ ഉള്ളി അച്ചാർ തയ്യാറാക്കുന്ന വിധം

ചെറിയ ഉള്ളി അച്ചാർ
മലയാളികളുടെ ഭക്ഷണശീലങ്ങളിൽ അച്ചാറുകൾക്ക് എന്നും മുൻനിര സ്ഥാനമാണുള്ളത്. ചോറിനും കഞ്ഞിക്കുമൊപ്പം മാത്രമല്ല, പ്രഭാതഭക്ഷണത്തിനൊപ്പം പോലും അച്ചാർ വിളമ്പുന്ന ശീലമുള്ളവരാണ് നമ്മൾ. മാങ്ങ, നാരങ്ങ, നെല്ലിക്ക, പുളിഞ്ചിക്ക തുടങ്ങിയ സാധാരണ അച്ചാറുകൾക്ക് പകരം വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്ന ഒന്നാണ് ചെറിയ ഉള്ളി അച്ചാർ. നാവിനു കൊതിയൂറുന്ന രുചി സമ്മാനിക്കുന്ന ഈ വിഭവം വീടുകളിൽ വളരെ ലളിതമായി തയാറാക്കാം. ഒരിക്കൽ കഴിച്ചാൽ വീണ്ടും കൊതിപ്പിക്കുന്ന ഈ സ്പെഷ്യൽ അച്ചാർ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ചെറിയ ഉള്ളി – ഇരുപതെണ്ണം (തൊലി കളഞ്ഞത്)
പച്ചമുളക് – ഏഴെണ്ണം
കരിഞ്ചീരകം
മഞ്ഞൾപ്പൊടി
ഗരംമസാല
ഉലുവ
വിനാഗിരി
നല്ലെണ്ണ
പെരുംജീരകം
മുളക്പൊടി
കടുക്
കറിവേപ്പില
വറ്റൽമുളക്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
കായപ്പൊടി
ഉപ്പ്
തയ്യാറാക്കുന്നവിധം
ആദ്യം അച്ചാറിന് ആവശ്യമായ മസാലപ്പൊടി തയ്യാറാക്കണം. അതിനായി അടുപ്പിൽ ഒരു പാൻ വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വീതം ഉലുവയും കടുകും, ഒരു ടീസ്പൂൺ പെരുംജീരകവും ചേർത്ത് മീഡിയം തീയിൽ നാല് മിനിറ്റ് നന്നായി വറുത്തെടുക്കുക. മസാല കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. ചൂടാറിയ ശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടി, എരിവിനനുസരിച്ചുള്ള മുളകുപൊടി (ഏകദേശം രണ്ട് ടേബിൾ സ്പൂൺ), ഒരു ടീസ്പൂൺ ഗരം മസാല, രണ്ട് ടീസ്പൂൺ കരിഞ്ചീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് വെക്കുക.
ഇനി ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായ ശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് അല്പം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. തുടർന്ന് തൊലി കളഞ്ഞ് നാലായി കീറി വെച്ചിരിക്കുന്ന ചെറിയ ഉള്ളിയും നീളത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക. ഉള്ളി വേഗത്തിൽ വഴന്നു വരാൻ അല്പം ഉപ്പ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഉള്ളി പാകത്തിന് വഴന്നുകഴിഞ്ഞാൽ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മസാലക്കൂട്ടുൾപ്പെടെ കായപ്പൊടിയും ചേർക്കുക. എല്ലാം കൂടി നന്നായി ഇളക്കിയ ശേഷം ആവശ്യത്തിന് വിനാഗിരി ഒഴിച്ച് വീണ്ടും യോജിപ്പിക്കുക. സ്വാദിഷ്ടമായ ചെറിയ ഉള്ളി അച്ചാർ തയ്യാർ. ഇത് നന്നായി തണുത്ത ശേഷം ഈർപ്പമില്ലാത്ത ഗ്ലാസ് കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്.




